അബൂദബി ഇൻറർനാഷനൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസിന് (അഡിപെക്) തുടക്കമായി. യു.എൻ കാലാവാസ്ഥ വ്യതിയാന സമ്മേളനത്തിന് പിന്നാലെ അരങ്ങേറുന്ന അഡിപെക്-2021 കാലാവസ്ഥ സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഊർജമേഖലയിലെ നയങ്ങൾ രൂപവത്കരിക്കുന്നതിനും വ്യവസായ പരിതസ്ഥിതികളെ കുറിച്ചും ചർച്ച ചെയ്യുമെന്ന് എമിറേറ്റ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിലുള്ള ഇന്ധന, പ്രകൃതിവാതക ആവശ്യം ലഭ്യമാക്കണമെങ്കിൽ മേഖലയിൽ പ്രതിവർഷം 600 ബില്യൺ ഡോളറിെൻറ അധികനിക്ഷേപം അനിവാര്യമാണെന്ന് അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ അഡിപെക് 2021ൽ പറഞ്ഞു. 2030 വരെയെങ്കിലും ഇതേ സ്ഥിതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച അഡിപെക് സമാപിക്കും.
വിവിധ രാജ്യങ്ങളിൽനിന്നായി 160 മന്ത്രിമാർ അടക്കം ആയിരത്തിലേറെ വിദഗ്ധർ 160ലേറെ സെഷനുകളിൽ സംബന്ധിക്കും. ഇന്ത്യയിൽനിന്ന് പെട്രോളിയം, പ്രകൃതിവാതകം, ഭവന, അർബൻ മന്ത്രി ഹർദീപ് എസ്. പൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് അഡിപെകിൽ സംബന്ധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യു.എൻ സമ്മേളനം സംബന്ധിച്ച മന്ത്രിതല ചർച്ചയിലും അദ്ദേഹം സംബന്ധിച്ചു.