അബുദാബി: അബുദാബി മിന മേഖലയിലെ മികച്ച സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ഉയർന്നസ്ഥാനം കരസ്ഥമാക്കി. ഐ.എം.ഡി. സ്റ്റഡ് സ്മാർട്ട്സിറ്റി ഇൻഡെക്സ് പുറത്തിറക്കിയ 118 മികച്ച നഗരങ്ങളുടെ പട്ടികയിൽ 14-ാമത്തെ സ്ഥാനമാണ് അബുദാബിക്ക്. ഈ നഗരങ്ങളിൽനിന്നുള്ള 15000 ആളുകളെ ഉൾപ്പെടുത്തി നടന്ന സർവേഫലത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യം, സുരക്ഷ, ഗതാഗതം, സർക്കാർ സംവിധാനങ്ങൾ, പ്രവർത്തനങ്ങൾ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നടന്നത്.കോവിഡിനെ നേരിടുന്നതിൽ നഗരം നടത്തിയ ശ്രമങ്ങളും ആ കാലയളവിലെ ജനങ്ങളുടെ ജീവിത, തൊഴിൽനിലവാരവും വിഷയമായി.യു.എ.ഇ. ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണപരമായ കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് നേട്ടങ്ങൾക്ക് പിറകിലെന്ന് അബുദാബി മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ചെയർമാൻ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു. അബുദാബി സ്മാർട്ട് സിറ്റി സമ്മേളനത്തോടനുബന്ധിച്ച് ലഭിച്ച ഈ നേട്ടം ഏറെ പ്രാധാന്യമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.