അബുദാബിയിൽ : ടാക്സി യാത്രകളിൽ കൃത്യമായ ചില്ലറ കൈവശമില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി അബുദാബി.ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ടാക്സികളിൽ ഉടൻ നിലവിൽവരുമെന്ന് അധികാരികൾ വ്യക്തമാക്കി. ഡിജിറ്റൽ ഇടപാടുസംവിധാന മായ പേബൈ ആണ് അബുദാബി ടാക്സികളിൽ പുതിയരീതി നടപ്പാക്കുക. 6000 ടാക്സികൾ ഈ രീതിയിലേക്ക് മാറും. ദേശീയദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റലായി നിരക്ക് അടയ്ക്കുന്ന യാത്രികർക്ക് ഡിസ്കൗണ്ട് വൗച്ചറുകളും ലഭിക്കും.
ടാക്സി മീറ്റർ സ്‌ക്രീനിലുള്ള ക്യൂ. ആർ. കോഡ് പേബൈ ആപ്പുപയോഗിച്ച് സ്കാൻ ചെയ്ത് പാസ്‌വേഡ് ടൈപ്പ് ചെയ്യുന്നതോടെ എളുപ്പത്തിൽ ഇടപാടുകൾ പൂർത്തിയാക്കാം. യാത്രികനും ടാക്സി ഡ്രൈവർക്കും ഇടപാട് പൂർത്തിയാക്കിയ തായി സന്ദേശം ലഭിക്കുകയും ചെയ്യും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്ത് ഇത് ഉപയോഗിക്കാം.