ആഗോള തലത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് എയർഹെൽപ് ഇൻകോർപ്പറേറ്റ് പുറത്തുവിട്ടത്. 109 വിമാനകമ്പനികളുടെ ഈ ആഗോള റാങ്കിങില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ 103-ാം സ്ഥാനത്തായിരുന്നു. അതായത് ലോകത്തിലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിലായിരുന്നു ഇന്‍ഡിഗോ ഇടം പിടിച്ചത്. അവധിക്കാലം തുടങ്ങാനിരിക്കെ പട്ടിക പുറത്തുവിട്ടത് യാത്രക്കാരില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇതിനിടെ പട്ടിക തള്ളി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഡിഗോ.ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളുടെ കൃത്യതയെക്കുറിച്ചും ഉപഭോക്തൃ പരാതികളെക്കുറിച്ചും പ്രതിമാസ ഡാറ്റ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സ്ഥിരമായി കൃത്യസമയം പാലിക്കുന്നതില്‍ ഇന്‍ഡിഗോ ഉയര്‍ന്ന സ്കോര്‍ നേടിയിട്ടുണ്ടെന്നും ഇൻഡിഗോ അവകാശപ്പെട്ടു. കൂടാതെ സര്‍വീസുകളുടെ എണ്ണത്തിലും യാത്രക്കാരുടെ നിരക്കിലും കമ്പനി മുന്നിട്ടു നില്‍ക്കുന്നതായും ഉപഭോക്തൃ പരാതികള്‍ കുറവാണെന്നും ഇന്‍ഡിഗോ വ്യക്തമാക്കി
എയര്‍ ഹെല്‍പ്പിന്‍റെ ഡാറ്റ ആഗോള വ്യോമയാന വ്യവസായം ഉപയോഗിക്കുന്ന രീതികളോ മാനദണ്ഡങ്ങളോ കണക്കിലെടുക്കുന്നില്ലെന്നും ഇന്ത്യയിൽ നിന്നുള്ള എയര്‍ലൈന്‍ സര്‍വീസുകളുടെ വലുപ്പം റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഇത് റിപ്പോര്‍ട്ടിന്‍റെ വിശ്വാസ്യതയില്‍ സംശയം ജനിപ്പിക്കുന്നെന്നും ഇന്‍ഡിഗോ പറയുന്നു. ‘ഇന്ത്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട എയർലൈൻ എന്ന നിലയിൽ സർവേയുടെ കണ്ടെത്തലുകൾ തള്ളിക്കളയുന്നുവെന്നും ഉപഭോക്താക്കൾക്ക് കൃത്യസമയത്ത്, താങ്ങാനാവുന്നതും മികച്ചതും തടസങ്ങളില്ലാത്തതുമായ യാത്രാ അനുഭവമാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി പറയുന്നു.
ഡിജിസിഎയുടെ കണക്കുകൾ പ്രകാരം കലിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ 7.25 കോടിയിലധികം യാത്രക്കാരെയാണ് ഇൻഡിഗോ വഹിച്ചത്. 61.3 ശതമാനം വിപണി വിഹിതം നേടുകയും ചെയ്കു. 380ലധികം വിമാനങ്ങളുള്ള കമ്പനി പ്രതിദിനം 2,100 സര്‍വീസുകള്‍ നടത്തുന്നു. രാജ്യത്തിനകത്ത് 85 നഗരങ്ങളെയും രാജ്യന്തരതലത്തില്‍ 30ലധികം നഗരങ്ങളെയും ഇന്‍ഡിഗോ ബന്ധിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ടാറ്റ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 1.64 കോടി യാത്രക്കാരെയാണ് ഈ കാലയളവില്‍ എയര്‍ ഇന്ത്യ വഹിച്ചത്. എയർഹെൽപ് ഇൻകോർപ്പറേറ്റിന്‍റെ റാങ്കിങില്‍ എയർ ഇന്ത്യ 61-ാം സ്ഥാനത്താണ്