രണ്ടു മാസം മുൻപ് വണ്ടാനം ഗവ.മെഡിക്കൽ കോളജിലെ പഠനത്തിനായി കളിയും ചിരിയുമായി എത്തിയ 5 കൂട്ടുകാര് കോളജിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുന്നിൽ ചലനമറ്റു കിടന്നു, സഹപാഠികൾ കണ്ണീരോടെ അവരെ അവസാനമായി കണ്ടു. ആശുപത്രി പരിസരത്ത് ദുഃഖം തളം കെട്ടി.
ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 വിദ്യാർഥികളെ കാണാൻ നാട് ഒഴുകിയെത്തി. രാവിലെ 9 മണിയോടെ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ചവരുടെ ബന്ധുക്കൾ രാവിലെ തന്നെ ആശുപത്രിയിലെത്തി. ഇന്നലെയും സംസാരിച്ചവർ വേർപിരിഞ്ഞു പോയതിന്റെ വേദനയിലായിരുന്നു ബന്ധുക്കൾ. ഇന്നലെ രാത്രി 9.20ന് അപകടം നടന്നയുടനെ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത പരന്നു. അതിനു സ്ഥിരീകരണം ഉണ്ടായതോടെ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളും നാട്ടുകാരും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തി.ആർക്കാണ് അപകടം പറ്റിയതെന്ന് അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണെന്ന സംശയമുണ്ടായത്. ഹോസ്റ്റലിലെ സഹപാഠികളായ വിദ്യാർഥികൾ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രാവിലെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിനു മുന്പ് കലക്ടർ അലക്സ് വർഗീസ് ആശുപത്രിയിലെത്തി. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്, സംസ്കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരും മറ്റ് ജനപ്രതിനിധികളുമെത്തി. ആശുപത്രിയിലെത്തിയ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും പൊട്ടിക്കരഞ്ഞു.കാറപകടത്തിൽ ഏകമകന്റെ വേർപാടിൽ എന്തു പറയണമെന്നറിയാതെ വിങ്ങുകയാണ് ഈ അച്ഛനും അമ്മയും. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ ശേഖരിപുരം സ്വദേശി വൽസന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദിപ്. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയിൽ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ മകന്റെ ശബ്ദം ഇനിയൊരിക്കലും കേൾക്കാനാകില്ലെന്ന് കരുതിയാകില്ല അവർ ഫോൺ വച്ചത്.12 മണിക്ക് പൊതുദർശനം ആരംഭിച്ചു. മൃതദേഹങ്ങൾ കൊണ്ടുപോകാൻ 5 ആംബുലൻസുകൾ സജ്ജമാക്കിയിരുന്നു. പൊതു ദർശനത്തിനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സുഹൃത്തുക്കൾ അന്ത്യയാത്ര ആരംഭിച്ചു.