തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. അതേസമയം ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അഞ്ചു ദിവസം കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപീകരിക്കാനായില്ല.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസി ൻ്റെ പേര് ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിണങ്ങി നിൽക്കുന്ന ഏകനാഥ് ഷിൻഡെ മുംബൈയിലേക്ക് മടങ്ങിയെത്തെങ്കിലും ഇന്നും മുന്നണി യോഗം ചേരാനായില്ല. നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ബിജെപി എംഎൽഎമാരുടെ യോഗവും നാളത്തേക്ക് മാറ്റി. കുരുക്കഴിക്കാൻ വിജയ് രൂപാണിയെയും നിർമ്മലാ സീതാരാമനെയും ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരായി അയക്കും.
ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രിപദം എന്ന നിലപാടിൽ നിന്ന് ഷിൻഡേ പിന്നോട്ട് പോയിട്ടില്ല. മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറാൻ എതിർപ്പ് പ്രകടിപ്പിച്ച ഏക്നാഥ് ഷിൻഡെ മകനെ ഉപ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. നിലവിൽ കല്യാണിൽ നിന്നുള്ള എംപിയാണ് മകൻ ശ്രീകാന്ത് ഷിൻഡെ. അതേസമയം ദേവേന്ദ്ര ഫഡ്നാവിസിന് പകരം മറ്റു പേരുകളും മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണയിൽ ഉണ്ടെന്ന് വാർത്തകൾ ബിജെപി കേന്ദ്രങ്ങൾ തള്ളുന്നുണ്ട്.
അതേസമയം ജാർഖണ്ഡിൽ മുഖ്യമന്ത്രി സത്യപ്രതിഞ്ജ ചെയ്തെങ്കിൽ മന്ത്രിസഭാ രൂപീകരണം പ്രതിസന്ധിയിൽ തുടരുകയാണ്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി പദം എന്ന് തത്വത്തോട് കോൺഗ്രസിന് അതൃപ്തിയാണ്. ജെഎംഎമ്മിലും മന്ത്രി പദത്തിലേക്ക് ആരെ പരിഗണിക്കണം എന്നതിൽ തീരുമാനം ആയിട്ടില്ല.