പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പൂർണമായും സ്തംഭിപ്പിക്കാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടപെടാവുന്ന രീതിയിൽ പ്രതിഷേധം ഉയർത്തണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അദാനി വിഷയം മാത്രമായി പ്രതിഷേധം ഒതുക്കേണ്ടെന്നു കോൺഗ്രസിനുള്ളിലും അഭിപ്രായമുണ്ട്.
അദാനിയുടെ പേരിൽ അമേരിക്കയിൽ കേസ് എടുത്ത വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാതെ മറ്റൊരു വിഷയവും അംഗീകരിക്കില്ല എന്ന നിലപാടാണ്, മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനുള്ളത്. വഖഫ് ഭേദഗതി ബില്ല് അടക്കം മാറ്റി വച്ചതിനാൽ സഭ കൃത്യമായി നടക്കണം എന്ന നിർബന്ധം സർക്കാരിനും ഇല്ല. കഴിഞ്ഞ ആഴ്ച പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ സഭ പിരിച്ചു വിട്ടിരുന്നു.സഭ പ്രവർത്തിക്കാൻ അനുവദിച്ചു കൊണ്ട് തന്നെ, കിട്ടുന്ന അവസരത്തിൽ സർക്കാരിനെ ആക്രമിക്കുക, എന്ന രീതിയിലേക്ക് പ്രവർത്തനം മാറ്റണം എന്നാണ് ടിഎംസിയുടെയും സിപിഎമിന്റെയും ആവശ്യം. രാവിലേ പത്തരയ്ക്ക് വിളിച്ചു ചേർത്തിരിക്കുന്ന ഇൻഡ്യ സഖ്യ കക്ഷി നേതാക്കളുടെ യോഗത്തിൽ അന്തിമ തീരുമാനം എടുക്കാമെന്നാണ് കോൺഗ്രസ് മറുപടി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗേയുടെ പാർലമെന്റിലെ ഓഫീസിലാണ് യോഗം ചേരുക.