ദുബായ് കോവിഡ്-19 സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ദുബായ് സാമ്പത്തിക വകുപ്പ് വ്യാപാര കേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകൾ തുടരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ ഹംരിയ, സിക്കത്ത് അൽ ഖൈൽ ഏരിയകളിലെ ഒരു വ്യാപാര കേന്ദ്രത്തിലെ ടെക്സ്റ്റൈൽസ്, ഫാബ്രിക് ട്രേഡിങ്, ഒരു സൂപ്പർമാർക്കറ്റ് എന്നിവ ഉൾപ്പെടെ മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ദുബായ് സാമ്പത്തിക വകുപ്പിലെ ഉപഭോക് തൃ സംരക്ഷണ വിഭാഗം പറഞ്ഞു. സാമൂഹിക അകലം പാലിക്കാത്തതിനാണ് സ്ഥാപനങ്ങൾക്കു പിഴ ചുമത്തിയത്.
അതേസമയം, 150 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ 147 ഉം സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരുന്നതായി കണ്ടെത്തി പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തി പിഴ ചുമത്തുമെന്ന് അധികൃതർ ഒാർമിപ്പിച്ചു. നിയമലംഘനം കണ്ടെത്തിയാൽ ദുബായ് കൺസ്യൂമർ ആപ്പ് (Dubai Consumer app), ഫോൺ: 600545555, കൺസ്യൂമർ റൈറ്റ്സ് ഡോട് എഇ (Consumerrights.ae) വെബ് സൈറ്റ് എന്നിവ വഴി ബന്ധപ്പെടണം.