ഷാർജ: പാർക്കിങ് ഫീസടക്കാൻ ഷാർജയിൽ പുതിയ ടച്ച് സ്ക്രീൻ സംവിധാനം. പാർക്കിങ് ഫീസടക്കാനുള്ള നാന്നൂറിലേറെ നൂതന സാങ്കേതിക ഉപകരണങ്ങൾ ഷാർജ മുനിസിപ്പാലിറ്റി പുറത്തിറക്കി. എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുന്നതിന്റെ മുനിസിപ്പാലിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരത്തിലുള്ള പേയ്‌മെന്റ് മെഷീനുകൾ ഗൾഫിൽ തന്നെ ആദ്യമായാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ തരിഫി പറഞ്ഞു.
ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിന് പുറമെ അവരുടെ സമയവും പരിശ്രമവും കുറക്കുകയുമാണ് ലക്ഷ്യം. ഷാർജയിലെ വിവിധയിടങ്ങളിലായി 8519 പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റിക്കുണ്ടെന്ന് കസ്റ്റമർ സർവീസ് മേഖല അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ ഫലീഹ് അൽ സുവൈദി പറഞ്ഞു.