ചെറിയൊരു ആവിശ്യങ്ങൾക്കായ് പുറത്ത് പോകുകയാണെങ്കിൽ പോലും തന്റെ കുട്ടികളെ കൂടെ കൊണ്ടു പോകുക എന്നത് സകല രക്ഷിതാക്കളുടേയും രീതിയാണ്..എന്നിട്ടോ അവരുടെ ആവശ്യത്തിനായ് കുട്ടികളെ കാറിനകത്താക്കി പോകുകയും ചെയ്യും.അവർ അതിനകത്ത് മണിക്കൂറുകൾ വരെ തന്നെ തനിച്ചാക്കി പോയവരെ കാത്തിരിപ്പിലായിരിക്കും.വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങളിലെ സ്ഥിരം കാഴ്ചയാണ് ഈ കാത്തിരിപ്പിന്റെ കുഞ്ഞുകണ്ണുകൾ…..
എന്നാൽ ഇനി മുതൽ ഇതിൽ നമ്മൾ നല്ലവണ്ണം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ മേൽ ദുബായ് പോലീസിന്റെ കണ്ണുകൾ പതിക്കുന്നതായിരിക്കും.ഇതിനെതിരെ ശക്തമായ താക്കീതുകളുമായ് ദുബായ് പോലീസ് സംഘം രംഗത്തെത്തിയിരിക്കുകയാണ്.മാതാപിതാക്കൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും പല നിയമങ്ങളുമായ് മുന്നോട്ട് വന്നിരുന്നു.എന്നാൽ അതൊക്കെ കാറ്റിൽ പറത്തി വിട്ടു കൊണ്ടായിരുന്നു ചിലരെങ്കിലും തന്റെ കുട്ടികളോട് പെരുമിറിയിരുന്നത്..അവർ നമ്മുടെ ചെറിയ കുട്ടികളെല്ലേ,അവർക്ക് വേണ്ടി ആര് ചോദ്യങ്ങൾ ഉയർത്താനാണ്,എന്ന തെറ്റിദ്ധാരണയുണ്ടേൽ അത് മാറ്റിവെക്കുന്നത് നന്നായിരിക്കും.
അടച്ചിട്ട വണ്ടിക്കുള്ളിൽ പ്രത്യേകിച്ച് ചൂട് പിടിച്ച കാലാവസ്ഥയിൽ കുട്ടികളിൽ പലതരം ദേഹാസ്വാസ്ഥ്യങ്ങൾ കണ്ടുവരുന്നു.ശരിയായ വായുസഞ്ചാരമില്ലാത്തതിനാൽ അത് അവരുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം.2019-നവംബറിൽ അബുദാബിയിൽ നിർത്തിയിട്ട വണ്ടിയിൽ തീപിടിച്ച് അപകടം ഉണ്ടായപ്പോൾ കൂട്ടത്തിൽ പൊലിഞ്ഞുപോയത് അതിനകത്തായിരുന്ന രണ്ടു കുഞ്ഞുജീവനുകളായിരുന്നു.സമാനമായ രീതിയിൽ ലോകമെമ്പാടും പലയിടങ്ങളിലുമായ് ഇത്തരം വാർത്തകൾ ഏറിവരികയാണ്.യു.എ.ഇ.യുടെ 2007ന് ശേഷമുളള കണക്ക് നോക്കിയാൽ 14-ഓളം കുഞ്ഞുജീവനുകൾ ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞുപോയതായികാണാം.
കുട്ടികളുടെ അവകാശങ്ങൾക്കായ് രാജ്യത്ത് ശക്തമായ നിയമനടപടികൾ ഉണ്ട്.ഫെഡറൽ ലോ നമ്പർ 3 ഓഫ് 2016..ഇത് “വദീമാസ് ലോ”എന്നാണ് അറിയപ്പെടുന്നത്.കുട്ടികളോടുളള അശ്രദ്ധ കൂടിവരുന്ന സാഹചര്യത്തിൽ ഈ നിയമങ്ങിൽ ശക്തമായ മാറ്റങ്ങളുമായ് ദുബായ് പോലീസ് രംഗത്തെത്തിരിക്കുന്നു.
18വയസ്സിന് താഴെയുളള ഏതൊരു കുട്ടിയേയും അപകടസാധ്യത യിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ കണ്ടാൽ അതിന് കാരണക്കാരനായവർ അത് മാതാപിതാക്കളാണെങ്കിലും ചിലപ്പോൾ ജയിലിനകത്ത് ആയേക്കാം.ഇല്ലെങ്കിൽ നല്ലൊരു തുക പിഴയായ് അടക്കേണ്ടതായി വരാം.ചിലപ്പോൾ രണ്ടും ഒന്നിച്ചു കിട്ടിയെന്നും വരാം… നമ്മുടെ മക്കളുടെ കാര്യത്തിൽ അവരൊക്കെ കാണിക്കുന്ന ശ്രദ്ധ നമ്മൾ തന്നെ പുലർത്തിയിരുന്നെങ്കിൽ എത്രയോ കുഞ്ഞു ശലഭങ്ങൾ ഈ ഭൂമിയിൽ സദാ പാറിപ്പറന്നേനെ.