ദുബായ് : കേരള സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലെ സംരംഭമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ODEPC) കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കായി മിഡിൽ ഈസ്റ്റിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന നിരവധി റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു.
യൂറോപ്പ്, യുകെ, ജർമ്മനി, ബെൽജിയം, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി പ്രവൃത്തിക്കുന്ന ODEPC ഗൾഫ് രാജ്യങ്ങലേക്കും അതിന്റെ വ്യാപനം വിപുലീകരിച്ചതായി കേരള സർക്കാരിന്റെ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു.
“ഉയർന്ന വരുമാനം ലഭിക്കുന്ന അന്താരാഷ്ട്ര തൊഴിലവസരങ്ങൾക്ക് പ്രൊഫഷണലുകളെ സജ്ജമാക്കുന്നതിനുള്ള ODEPC യുടെ പ്രതിബദ്ധത യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അതിന്റെ വ്യാപനത്തിലേക്ക് നയിച്ചു. വൈദഗ്ധ്യമുള്ള വ്യക്തികളെ ആഗോള അവസരങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്ന സർക്കാരിന്റെ കാഴ്ചപ്പാടിൻറെ പ്രതിഫലനമാണ് ഇത്തരം സംരംഭങ്ങൾ ” മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കായി ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് പാരാ മെഡിക്കൽ പ്രൊഫഷണലുകളെയും റിക്രൂട്ട് ചെയ്യുന്നതിൽ ODEPC യുടെ പ്രധാന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള ODEPC യുടെ സഹകരണം പ്രതിവർഷം 200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റ് ഹോസ്പിറ്റലുകൾ ODEPC യുടെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്, കഴിഞ്ഞ നാല് വർഷമായി 700-ലധികം ഉദ്യോഗാർത്ഥികൾ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി നേടിയിട്ടുണ്ട്.
“വരും വർഷങ്ങളിൽ ലോകമെമ്പാടും, പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള തൊഴിലവസരങ്ങൾ വർധിക്കാൻ പോകുന്ന സാഹചര്യത്തിൽ, വിദേശ രാജ്യങ്ങളിൽ എളുപ്പത്തിൽ ജോലികൾ കണ്ടെത്താൻ ഒഡെപെക് കേരളീയരായ മെഡിക്കൽ പ്രൊഫഷണലുകളെ പ്രാപ്തരാക്കുന്നു. ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും സൃഷ്ടിക്കപ്പെടുന്ന പുതിയ ഒഴിവുകൾക്കായി കേരളത്തിൽ മെഡിക്കൽ, നഴ്സിംഗ്, മറ്റ് സ്പെഷ്യലൈസ്ഡ് മേഖലകളിലായി ആയിരക്കണക്കിന് ബിരുദധാരികൾ ഓരോ വർഷവും യോഗ്യത നേടുന്നുണ്ട് ,” അദ്ദേഹം പറഞ്ഞു.
അടുത്ത കാലത്തായി ജോലി തേടി വിദേശത്തേക്ക് പോകുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രയോജനപ്പെടുത്തുന്നതിന്, നിരവധി അംഗീകൃത ഏജൻസികൾ റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ടെങ്കിലും ഒഡെപെക് വഴി ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് സുരക്ഷയും വിശ്വാസ്യതയും ഉറപ്പുനൽകുന്നതോടൊപ്പം, കേരള സർക്കാരിന്റെ പിന്തുണയും പരിചരണവും ലഭ്യമാക്കുന്നു, ”അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒഡെപെക് നേതൃത്വം നൽകുന്ന ശ്രദ്ധേയമായ രണ്ട് പ്രോജക്ടുകളായ “Aurora”, “LELI” എന്നിവയെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ അതിന്റെ ചെയർമാൻ അഡ്വ കെ പി അനിൽകുമാർ പങ്കുവെച്ചു. “Aurora പദ്ധതി 2021-ൽ ആരംഭിച്ചത്, 59 നഴ്സുമാരെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടുത്തി, ബെൽജിയത്തിലെ ഹോസ്പിറ്റലുകളിൽ വിജയകരമായി നിയമിച്ചുകൊണ്ടായിരുന്നു. ഡച്ച് ഭാഷാ പരിശീലനം, താമസം, സ്റ്റൈപ്പൻഡ് എന്നിവ ഉൾപ്പെടെ സമഗ്രമായ പിന്തുണ നൽകുന്ന “LELI” സംരംഭം, 2024 ഏപ്രിൽ, മെയ് മാസങ്ങളിൽ ബെൽജിയത്തിലെ പ്രധാന ആശുപത്രികളിലേക്ക് 50 നഴ്സുമാരുടെ ആദ്യ ബാച്ചിനെ അയയ്ക്കും. അദ്ദേഹം പറഞ്ഞു.
“കൂടാതെ, ജർമ്മൻ സർക്കാർ ഏജൻസിയായ DEFA-യുമായുള്ള ODEPC-യുടെ സഹകരണം “വർക്ക്-ഇൻ ഹെൽത്ത്, ജർമ്മനി” പ്രോഗ്രാം നടപ്പാക്കുന്നതിന് കാരണമായി. ജർമ്മൻ ഭാഷാ പരിശീലനം, സാക്ഷ്യപ്പെടുത്തൽ, വിവർത്തനം, വിസ സഹായം, സ്റ്റൈപ്പൻഡുകൾ എന്നിവ ഉൾപ്പെടെയുള്ള സൗജന്യ റിക്രൂട്ട്മെന്റ് സേവനങ്ങൾ ഈ പ്രോജക്റ്റ് വാഗ്ദാനം ചെയ്യുന്നു. ഈ സാമ്പത്തിക വർഷത്തിൽ 100-ലധികം ഉദ്യോഗാർത്ഥികൾ ജർമ്മനിയിലേക്ക് പോകും, 300 ഉദ്യോഗാർത്ഥികളുടെ മറ്റൊരു ബാച്ച് 2023 സെപ്റ്റംബറിൽ പരിശീലനം ആരംഭിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ODEPC 2019 ൽ ആരംഭിച്ച പരിശീലന വിഭാഗം, നഴ്സുമാരെ രാജ്യത്തിനനുസരിച്ചുള്ള യോഗ്യതകൾ നേടാൻ പ്രാപ്തരാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. IELTS, OET, ജർമ്മൻ, ഡച്ച് ഭാഷകളിൽ പരിശീലനം വാഗ്ദാനം ചെയ്യുന്നു, ODEPC ഉദ്യോഗാർത്ഥികൾ അവരുടെ വിദേശ ജോലികൾക്കായി നന്നായി തയ്യാറാണെന്ന് ഉറപ്പാക്കുന്നു. ഭാഷാ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം ജോലി നൽകാനും ആവശ്യമായ വൈദഗ്ധ്യത്തോടെ പ്രൊഫഷണലുകളെ ശാക്തീകരിക്കാനും ODEPC പ്രത്യേകം ശ്രദ്ധിക്കുന്നു. ODEPC മാനേജിംഗ് ഡയറക്ടർ ശ്രീ. അനൂപ് കെ അച്യുതൻ പറഞ്ഞു.
“തൊഴിലവസരങ്ങൾ തേടി വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കാൻ ODEPC, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) അംഗീകരിച്ച ഒരു ട്രാവൽ ഡിവിഷനും നടത്തുന്നുണ്ട്. ഈ ഡിവിഷൻ വിശ്വസനീയമായ ടിക്കറ്റ് റിസർവേഷൻ സേവനം , വിസ ഔപചാരികതകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം, യാത്രാ നിയന്ത്രണങ്ങൾ, കൂടാതെ വിദേശ പ്രൊഫഷണലുകൾക്ക് തടസ്സമില്ലാത്ത ട്രാന്സിഷൻ എന്നിവ ഉറപ്പാക്കുന്നു. കോവിഡ് മഹാമാരി സമയത്ത്, ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഉക്രെയ്നിൽ നിന്നുള്ള വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ട്രാവൽ ഡിവിഷൻ പ്രധാന പങ്കുവഹിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
“പൊതുജനങ്ങൾക്ക് അവിസ്മരണീയമായ യാത്രാ അനുഭവങ്ങൾ നൽകുന്ന ODEPC യുടെ ടൂർ ഡിവിഷൻ 2018 മുതൽ ആഭ്യന്തര, അന്തർദേശീയ ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നു. ഗവൺമെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ODEPC യുടെ വിദേശ പഠന വിഭാഗം പ്രശസ്ത സർവകലാശാലകളിൽ നിന്ന് അന്താരാഷ്ട്ര ബിരുദങ്ങൾ നേടുന്നതിന് ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുമ്പോൾ, അപേക്ഷാ പ്രക്രിയ ലളിതമാക്കുക, ഭാഷാ പരിശീലനം നൽകുക , വിസ ഡോക്യുമെന്റേഷനിൽ സഹായിക്കുക , വിദ്യാർത്ഥികൾക്ക് യാത്ര സുഗമമാക്കുക തുടങ്ങിയ കാര്യങ്ങൾ ഈ ടൂർ ഡിവിഷൻ ആണ് ചെയ്യുന്നത്”, അനൂപ് അച്യുതൻ പറഞ്ഞു
മന്ത്രിയുടെ കീഴിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച വീ വൺ (മുമ്പ് വേൾഡ് സെക്യൂരിറ്റി എന്നറിയപ്പെട്ടിരുന്നു) ആസ്ഥാനം സന്ദർശിച്ച് സി.ഒ.ഒ ശ്രീ. അയൂബ് അൽ മുല്ല, കോർപ്പറേറ്റ് സർവീസസ് ഡയറക്ടർ ഇബ്രാഹിം അൽ ജാനാഹി, ഡയറക്ടർ – ഫിനാൻസ് & ബിസിനസ് ഡെവലപ്മെന്റ് ശ്രീ. ചേലക്കര രാമകൃഷ്ണൻ, സെക്യൂരിറ്റി മേധാവി ശ്രീ. അഖിലേഷ് നായർ എന്നിവരുമായി കേരളത്തിൽ നിന്ന് 400 സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പുരോഗതിയെക്കുറിച്ച് ചർച്ച നടത്തി. അടുത്തിടെ ദുബായിലെത്തിയ ആദ്യ ബാച്ച് ജീവനക്കാരുടെ ജോലിസ്ഥലങ്ങളും താമസസ്ഥലങ്ങളും സംഘം സന്ദർശിച്ചു. രണ്ടാമത്തെ ബാച്ച് സെപ്റ്റംബർ 7 ന് എത്തും.
ദുബായിലെ ട്രാൻസ് വേൾഡ് കമ്പനി , കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങൾ പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി സഹകരണത്തിനായി പ്രതിനിധി സംഘം സന്ദർശിച്ചു.
മന്ത്രി കേരളത്തിലെ ഡോക്ടർമാരുമായും നഴ്സിംഗ്, പാരാമെഡിക്കൽ, മറ്റ് ആരോഗ്യ പ്രവർത്തകരുമായും അവരുടെ ക്ഷേമവും ജോലി സംബന്ധമായ വെല്ലുവിളികളും പഠിക്കുന്നതിനായി സംവദിച്ചു.
കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനായി ബഹുമാനപെട്ട മന്ത്രിയുടെ നേത്ര്വത്വത്തിൽ തൊഴിലുടമ സംഗമം നടന്നു.. UAE ലെ പ്രമുഖ തൊഴിലുടമകൾ പങ്കെടുത്ത പരിപാടിയിൽ പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനെ കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ നടന്നു. ഈ സാമ്പത്തിക വർഷം 1000 ഓളം തൊഴിൽ അവസരങ്ങളാണ് ODEPC മുഖേനെ സൃഷിടിക്കപെടാൻ പോകുന്നത്. പങ്കെടുത്ത പ്രധാനപെട്ട എല്ലാ തൊഴിൽ ദാദാക്കളും അവരുടെ സ്ഥാപനത്തിലേക്ക് മലയാളി ജോലിക്കാരെ പരിഗണിക്കുമെന്ന് മന്ത്രിക്ക് ഉറപ്പു നൽകി.
1977-ൽ സ്ഥാപിതമായ ODEPC, ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന, ഓവർസീസ് റിക്രൂട്ട്മെന്റ് മേഖലയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് . 45 വർഷത്തെ പ്രവർത്തനങ്ങളിലൂടെ, പ്രൊഫഷണലിസം, സുതാര്യത, അന്തർദേശീയ നിയമങ്ങൾ പാലിക്കൽ എന്നിവയ്ക്കുള്ള ODEPC യുടെ പ്രതിബദ്ധത വിദേശ റിക്രൂട്ട്മെന്റ് ഏജൻസികളുടെ നിലവാരം ഉയർത്തുന്നതിന് കാരണമായി. ഇപ്പോൾ വിവിധ ഭാഷാ പരിശീലനം, ടൂർ പാക്കേജുകൾ, വിദേശ പഠന അവസരങ്ങൾ എന്നിവകൂടി ഉൾക്കൊള്ളുന്ന താണ് ODEPC യുടെ സേവനങ്ങൾ.