ഷാർജ: ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ശ്രേദ്ധേയമായി അനിമേഷന്‍ കോൺഫറന്‍സ്
അനിമേഷന്‍ കോൺഫറന്‍സാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. അനിമേഷന്‍ ലോകത്തെ കഥാപാത്രങ്ങളാണോ നമ്മളുമെന്ന് തോന്നിപ്പോകും കോൺഫറൻസ് ഹാളിലേക്കെത്തിയാല്‍. അത്രയേറെ ക്രിയാത്മകമായാണ് അനിമേഷൻ കോണ്‍ഫറൻസ് ഒരുക്കിയിരിക്കുന്നത്. ഇറ്റയിലെ ബെര്‍ഗാമോ അനിമേഷന്‍ ഡെയ്സ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് അനിമേഷന്‍ കോൺഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്തമായ ഒട്ടേറെ കലാപാരിപാടികളും ഇത്തവണയുണ്ട്. 136 നാടകങ്ങൾ, റോമിങ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയും വായനോത്സവത്തിൽ അരങ്ങേറും. മസാക്ക കിഡ്സ് ആഫ്രിക്കാനയുടെ ഷോയ്ക്കായി കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ കാത്തിരിക്കുന്നു. റീഡിങ് ഫെസ്റ്റിവലിന്റെ അവിഭാജ്യഘടകമായ പുസ്തകോത്സവത്തില്‍ 141 പ്രസാധകരാണ് പങ്കെടുക്കുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പ്രസാധകരുള്ളത്. ലെബനൻ, ഇന്ത്യ, യുകെ തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ റീഡിങ് ഫെസ്റ്റിവലില്‍ ഉണ്ട്. മലയാളത്തിലടക്കമുള്ള പുസ്തകങ്ങളും ലഭിക്കും.
യുഎഇ സുപ്രീം കൗൺസില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി പുസ്തകോല്‍സവം ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ യുവര്‍ ബ്രെയ്ന്‍ എന്നതാണ് ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ ആശയം. ഈ മാസം പതിനാല് വരെ പുസ്തകോത്സവം തുടരും.