വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം. മേയിൽ അപേക്ഷിച്ചവർക്കു പോലും ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഇതു മൂലം പലർക്കും യാത്ര മാറ്റി വയ്ക്കേണ്ട സ്ഥിതിയാണ്. കോവിഡിന് ശേഷം യുകെയിലേക്ക് പോകാനുള്ളവരുടെ തിരക്ക് പതിന്മടങ്ങ് വർധിച്ചതാണ് വീസ നടപടികൾ വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. വിഎഫ്എസ് (വീസ ഫെസിലിറ്റേഷൻ സർവീസ് ഗ്ലോബൽ) വഴിയാണ് യുകെ വീസയ്ക്കു അപേക്ഷിക്കേണ്ടത്. എന്നാൽ മേയ് മുതലുള്ള വീസ അപേക്ഷകൾ ഇതുവരെ പരിഗണിച്ചു തുടങ്ങിയിട്ടില്ല. യുകെയിൽ വിവിധ യൂണിവേഴ്സിറ്റികളിൽ ബിരുദദാന ചടങ്ങുകളും മറ്റും നടക്കുന്ന സമയമാണിത്. അത്തരം അപേക്ഷകളെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചില മാതാപിതാക്കൾ.ഇതിനിടെ യുകെയിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടുകയാണ്. 1,17000 രൂപയിലധികമാണ് നിരക്ക്. വൻ തുക നഷ്ടം സഹിച്ച് പലരും ടിക്കറ്റുകൾ റദ്ദാക്കുകയാണ്. വീസയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവർക്കാണ് താമസം നേരിടുന്നത്. മുൻപ് വീസ ലഭിച്ചവർക്ക് രണ്ടു മൂന്ന് ആഴ്ചകൾക്കുള്ളിൽ ലഭിക്കുന്നുണ്ട്. എങ്കിലും അനിശ്ചിതത്വം തുടരുന്നതിനാൽ പലരും യാത്രാപരിപാടികൾ ഉപേക്ഷിക്കുകയാണ്. ടിക്കറ്റ് റദ്ദാക്കുന്നത് വർധിച്ചതായി ട്രാവൽ ഏജൻസികളും അഭിപ്രയപ്പെട്ടു