അബുദാബി ആരോഗ്യ മേഖലയിൽ 5 വർഷത്തിനിടെ 10,000 സ്വദേശികൾക്ക് ജോലി നൽകാൻ പദ്ധതി. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് സുരക്ഷിത ജോലി ഉറപ്പാക്കുന്ന തിനായി രൂപീകരിച്ച നാഫിസ് പദ്ധതിയിലൂടെയാണിത് സാധ്യമാക്കുക. നഴ്സിങ് ഉൾപ്പെടെ മെഡിക്കൽ രംഗത്തേക്ക് കൂടുതൽ സ്വദേശികളെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്കോളർഷിപ് അടക്കം ആനുകൂല്യങ്ങൾ നൽകുമെന്ന് ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗന്നം അൽ മസ്റൂഇ അറിയിച്ചു.
ഹെൽത്ത്‌കെയർ അസിസ്റ്റന്റ്, എമർജൻസി മെഡിസിനിൽ ഡിപ്ലോമ, നഴ്‌സിങിൽ ബിരുദം എന്നീ കോഴ്സുകൾക്കു ശേഷം ആരോഗ്യപരിപാലന സ്ഥാപനങ്ങളിലെ പരിശീലനത്തിലൂടെ സ്വദേശികളെ സജ്ജരാക്കിയാണ് ജോലിയിൽ നിയമിക്കുക. ആരോഗ്യരംഗത്തു സ്വദേശിവൽക്കരണം ശക്തമായാൽ ഈ മേഖലയിൽ ഏറ്റവും കൂടുതലുള്ള മലയാളികളുടെ തൊഴിൽ സാധ്യതയ്ക്കും മങ്ങലേൽക്കും. ഇതേസമയം യുഎഇയിൽനിന്ന് മലയാളികളടക്കം ഒട്ടേറെ നഴ്സുമാർ വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്നതും കൂടുകയാണ്.