ഇന്ത്യ-യു.എ.ഇ. ബന്ധം പുതുതലങ്ങളിലേക്ക് കടക്കുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വി. ശൃംഗ്ല അഭിപ്രായപ്പെട്ടു.എക്സ്പോ ഇന്ത്യ പവിലിയനിൽ ഇന്ത്യ-യു.എ.ഇ. സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്.ടി.എ.) നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ വ്യവസായ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദർശനവും ഉഭയകക്ഷിബന്ധം കരുത്താർജിക്കുന്നതിൽ നിർണായകമായി.
എക്സ്പോ വേദികളിലൂടെ കൂടുതൽ സാധ്യതകളാണ് പങ്കുവെക്കപ്പെടുന്നത്. ഓരോ രാജ്യത്തിന്റെയും പ്രധാനപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ആഗോള നിക്ഷേപക സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാനും സഹകരണത്തിന്റെ പുതുതലങ്ങളിലേക്ക് കടക്കാനും എക്സ്പോ വേദിയാകുന്നതായും അദ്ദേഹം പറഞ്ഞു.