ലോകമഹാമേളയായ എക്സ്‌പോ സന്ദർശിക്കാൻ നവംബർ 28 വരെ എത്തിയ സന്ദർശകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു.
മേളയിലെ ജൂബിലി സ്റ്റേജ്, മില്ലേനിയം ആംഫി തിയേറ്റർ എന്നിവിടങ്ങളിലെല്ലാം കാണികൾക്ക് ആവേശം പകരാൻ വിവിധ പരിപാടികളാണ് പ്രതിദിനം അരങ്ങേറുന്നത്. ശാസ്ത്രീയസംഗീതം മുതൽ വിവിധ കലാകാരൻമാർ അണിനിരന്ന സ്റ്റേജ് ഷോകൾ കാണികളുടെ കൈയടി നേടിവരുന്നു.നവംബർ 24-ന് ആരംഭിച്ച ലോക ചെസ് ചാമ്പ്യൻഷിപ്പ് കാണാനും ധാരാളം പേരാണ് എത്തുന്നത്.
അതേസമയം എക്സ്‌പോയുടെ പുതിയ ഫെസ്റ്റീവ് പാസ് 95 ദിർഹത്തിലൂടെ സ്വന്തമാക്കുന്നതിലൂടെ പരിധിയില്ലാത്ത സന്ദർശനാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.
ഡിസംബർ പത്തിന് അൽ വാസൽ പ്ലാസയിൽ നടക്കുന്ന ഗ്രാമി അവാർഡ് ജേതാവ് അലീസിയ കീസിന്റെ പരിപാടികളും സുവർണ ജൂബിലി ആഘോഷപരിപാടികളും ക്രിസ്മസ് ആഘോഷവുമെല്ലാം എക്സ്‌പോയിൽ തിരക്കേറും.
കോവിഡ് മഹാമാരിയുടെ ഭീതി യു.എ.ഇ.യിൽ ഒഴിഞ്ഞശേഷം നടക്കുന്ന ഏറ്റവും വലിയ ലോകമഹാമേളയാണിത്. അതീവ കോവിഡ് മാനദണ്ഡങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്.
യു.എ.ഇ. ജനസംഖ്യയുടെ 90 ശതമാനത്തിലേറെ പേരും പൂർണമായി കോവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ എക്സ്‌പോയിൽ ജനപങ്കാളിത്തവും കൂടുതലാണ്. എക്സ്‌പോയിലേക്കുള്ള വെർച്വൽ സന്ദർശനവും ഇപ്പോൾ 2.3 കോടിയിലെത്തി. അടുത്തവർഷം മാർച്ച് 31-ന് എക്സ്‌പോ സമാപിക്കും.