യു.എ.ഇ. പ്രഖ്യാപിച്ച പുതിയ തൊഴിൽനിയമം അടുത്തവർഷം ഫെബ്രുവരി രണ്ടുമുതൽ പ്രാബല്യത്തിലാകും.തൊഴിൽ ബന്ധങ്ങളെ നിയന്ത്രിക്കുന്നതിനായി 2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 33 പ്രകാരം യു.എ.ഇ. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ ആണ് പുതിയനിയമം പ്രഖ്യാപിച്ചത്.. സഹപ്രവർത്ത കർ അല്ലെങ്കിൽ മേലുദ്യോഗസ്ഥർ നടത്തുന്ന ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ പിടിച്ചെടുക്കൽ എന്നിവയിൽനിന്ന് തൊഴിലാളി കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതാണ് പുതിയനിയമം.
ഫുൾടൈം, പാർട്ട് ടൈം ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പുതിയനിയമം ബാധകമാണ്.വിവിധതൊഴിൽ വിഭാഗങ്ങളെ നിയന്ത്രിക്കാനും കൂടുതൽ ജീവനക്കാർക്ക് സംരക്ഷണം നൽകാനുമാണ് പുതിയനിയമം ലക്ഷ്യമിടുന്നത്. ഇമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വർധിപ്പിക്കാനും തൊഴിൽവിപണിയിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവകാശസംരക്ഷണത്തിനുമുള്ള ശ്രമങ്ങളെയും നിയമം പിന്തുണയ്ക്കുന്നുണ്ട്. ഇതുകൂടാതെ പ്രൊബേഷൻ ആറുമാസത്തിൽ കൂടരുതെന്നും തൊഴിലാളികളുടെ ഔദ്യോഗികരേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് തടയാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.ഇതിനുപുറമെ ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കുന്ന നിയമം തൊഴിൽ കാലാവധിയുടെ അവസാനം യു.എ.ഇ. വിടാൻ ഉടമ നിർബന്ധിക്കുന്നതിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണംനൽകുന്നുണ്ട്.
പുതിയ നിയമവ്യവസ്ഥ പ്രാബല്യത്തിലാകുന്നതോടെ യു.എ.ഇ.യിലെ തൊഴിൽബന്ധങ്ങൾ കൂടുതൽ മികവുറ്റതാകും. തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തൊഴിൽവിപണിയുടെ സുസ്ഥിരത വർധിപ്പിക്കാനാകുമെന്നും ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ വ്യക്തമാക്കി.