യുഎഇ: അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ കൂടുതൽ പെട്രോൾസ്റ്റേഷനുകൾ സ്ഥാപിച്ച് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അഡ്നോക്ക്. കോവിഡ് പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് വമ്പൻകമ്പനികൾ വ്യാപാരരംഗത്ത് വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് അഡ്നോക് പുറത്തുവിട്ട കണക്കുകൾ. ഈ വർഷം മൂന്നാംപാദത്തിൽ മാത്രം 52.9 കോടി ദിർഹമാണ് ലാഭം ലഭിച്ചത്. സർക്കാർ ഓഫീസുകൾ 100 ശതമാനം ഹാജറിലേക്ക് പോകുകയും സ്കൂളുകൾ തുറന്നുപ്രവർത്തിക്കുകയും ചെയ്തതോടെ ഇന്ധന വിൽപ്പന പതിന്മടങ്ങായി വർധിച്ചത് ലാഭം വർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഓഗസ്റ്റിലെ വിൽപ്പനയെക്കാൾ 10.6 ശതമാനം കൂടുതലാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. ദുബായിൽ പെട്രോൾസ്റ്റേഷനുകൾ ആരംഭിച്ച അഡ്നോക്ക് ഇപ്പോൾ 31 സ്റ്റേഷനുകളാണ് പ്രവർത്തിപ്പിക്കുന്നത്. സെപ്റ്റംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് ആകെ 459 പെട്രോൾ സ്റ്റേഷനുകളാണ് അഡ്നോക്കിനുള്ളത്. സൗദി അറേബ്യയിലെ 35 സ്റ്റേഷനുകൾ ഏറ്റെടുക്കുന്നതിനുള്ള അനുമതി അഡ്നോക്കിന് ലഭിച്ചിട്ടുണ്ട്. 10 അധിക സ്റ്റേഷനുകൾക്കുകൂടി അനുമതി ലഭിച്ച അഡ്നോക്കിന്റെ നേതൃത്വത്തിൽ, ഈ വർഷത്തിൽത്തന്നെ 45 സ്റ്റേഷനുകൾ തുടങ്ങാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.