കുവൈറ്റ്: കുവൈത്തില്‍ അനധികൃത താമസക്കാരെയും നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടെ 426 പ്രവാസികളെ പിടികൂടി നാടുകടത്തി യതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍, താത്കാലിക തടങ്കല്‍ വകുപ്പുകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളെ അറസ്റ്റ് ചെയ്‍ത് എത്രയും വേഗം നാടുകടത്തണമെന്ന നിര്‍ദേശമാണ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അലി സബാഹ് അല്‍ സലീം അല്‍ സബാഹ് നല്‍കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ കൊവിഡ് കാലത്ത് ഉള്‍പ്പെടെ അനധികൃത താമസക്കാര്‍ രേഖകള്‍ ശരിയാനും താമസവും ജോലിയും നിയമ വിധേയമാക്കാനുമുള്ള അവസരങ്ങള്‍ പല തവണ നല്‍കിയിരുന്നു. കൊവിഡ് കാലത്ത് ഇത്തരം പരിശോധനകള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്‍തു. എന്നാല്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ കര്‍ശന പരിശോധനയും തുടര്‍ നടപടികളും പുനഃരാരംഭിക്കുകയായിരുന്നു.