അബുദാബി: അബുദാബി ഇനി ബൈക്ക് സിറ്റി. സൈക്ലിങ്ങിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കി യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിൽനിന്ന് (യു.സി.ഐ.) അബുദാബി ‘ബൈക്ക് സിറ്റി’ ലേബൽ സ്വീകരിച്ചു. ഏഷ്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ നഗരമായി ഇതിലൂടെ അബുദാബി മാറിയിരിക്കുകയാണ്. അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അംഗീകാരം ഔദ്യോഗികമായി സ്വീകരിച്ചു. നോർവേയിലെ ബെർഗെൻ, ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപെൻഹെഗെൻ, സ്കോട്ട്ലൻഡിലെ ഗ്ലാസ്കോ, ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് എന്നീ നഗരങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്.
സൈക്ലിങ് കായികയിനത്തിന്റെ ആഗോള ഭരണസംഘമായ യു.സി.ഐ.യിൽനിന്ന് ലഭിച്ച ഈ അംഗീകാരം അബുദാബി സൈക്ലിങ്ങിനുവേണ്ടി നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിതസാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഭരണനേതൃത്വം നടത്തുന്ന പ്രവർത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതരീതി പിന്തുടരാനുള്ള പ്രോത്സാഹനമാണ് ഇത് ജനങ്ങൾക്ക് നൽകുന്നത്. ഒട്ടേറെ പ്രൊഫഷണൽ, അമേച്വർ സൈക്ലിങ് മത്സരങ്ങൾക്ക് വേദിയാണ് അബുദാബി. നഗരത്തിലെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സൈക്ലിങ് ട്രക്കുകളും അബുദാബിയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.