സൗദിഅറേബ്യ: സൗദിഅറേബ്യയില്‍ തൊഴിലാളിയെ തന്റെ കീഴിൽ അല്ലാതെ പുറത്തു ജോലി ചെയ്യാൻ അനുവദിച്ചാൽ തൊഴിലുടമക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിക്കും. സ്പോൺസർഷിപ്പിലുള്ള തൊഴിലാളിയെ സ്വന്തം നിലക്കോ മറ്റുള്ളവർക്ക് വേണ്ടിയോ ജോലി ചെയ്യാൻ അനുവദിക്കുന്ന തിനെതിരെയാണ് സൗദി പാസ്പോർട്ട് അതോറിറ്റി (ജവാസാത്ത്) ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ഇത്തരം തൊഴിലുടമകൾക്ക് മേൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ, ആറ് മാസത്തെ ജയിൽ ശിക്ഷയും അനുഭവിക്കേ ണ്ടിവരും. നിയമ ലംഘകൻ വിദേശിയാണെങ്കിൽ ശിക്ഷാ കാലാവധിക്ക് ശേഷം സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തുമെന്നും അറിയിപ്പിൽ പറയുന്നു. ഇതിന് പുറമെ അഞ്ച് വർഷം വരെ റിക്രൂട്ട്മെന്റിന് നിരോധനവും ഏർപ്പെടുത്തും. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴയുടെ സംഖ്യയിലും മാറ്റമുണ്ടാകും. നിയമം ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യ നിവാസികൾ 911 ലും മറ്റു പ്രവിശ്യകളിലുള്ളവർ 999 ലും വിളിച്ച് വിവരങ്ങളറിയിക്കണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.