ദുബായ്: ഒരു മാസം പൂർത്തിയായ എക്സ്പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്പോ 2020 കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് സ്കോനൈഡ് മാക് ഗിയാച്ചിൻ അറിയിച്ചു. ആകെ സന്ദർശകരിൽ 17 ശതമാനം പേരും രാജ്യത്തിന് പുറത്തുനിന്ന് എത്തിയവരാണ്.അതിൽ 28 ശതമാനം പേർ 18 വയസ്സിന് താഴെയുള്ളവരാണ്. ഇന്ത്യ, ജർമനി, ഫ്രാൻസ്, സൗദി അറേബ്യ, യു.കെ.തുടങ്ങിയ പവിലിയനുകൾ കാണാനാണ് ഏറ്റവുമധികം സന്ദർശകരെത്തിയത്. ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും ഇതേ രാജ്യങ്ങളിൽനിന്നാണ്. സന്ദർശകരിൽ 53 ശതമാനം പേർ സീസൺ പാസ് കൈവശമുള്ളവരാണ്. 23 ശതമാനത്തിലേറെ പേർ മൾട്ടി ഡേ പാസും 20 ശതമാനം പേർ ദിവസേനയുള്ള പാസുമായി വരുന്നവരുമാണ്. ഇതുവരെ 6,95,437 എക്സ്പോ പാസ്പോർട്ട് സുവനീറുകൾ വിറ്റുകഴിഞ്ഞു. ഓരോ രാജ്യങ്ങളുടെ പവിലിയനുകൾ സന്ദർശിക്കുമ്പോഴും എക്സ്പോ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തുവരുന്നുണ്ട്. കൂടാതെ, മിക്ക പവിലിയനുകളും തിങ്കളാഴ്ചകളിൽ അതുവരെ അവിടെയെത്തിയ സന്ദർശകരുടെ എണ്ണവും പുറത്തുവിടാറുണ്ട്.ഒക്ടോബറിൽ സൗദി പവിലിയനിൽ എത്തിയത് 5,00,000 സന്ദർശകരാണ്. ഇന്ത്യ, ഫിൻലൻഡ് എന്നീ പവിലിയനുകളിൽ ആകെ എത്തിയവരുടെ എണ്ണം 1,50,000 കടന്നു. ശൈത്യകാലം തുടങ്ങിയതോടെ വരും ആഴ്ചകളിൽ വലിയതോതിലുള്ള തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
എക്സ്പോ തുടങ്ങിയശേഷം വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരടക്കം 1938 വിശിഷ്ടാതിഥികൾ എത്തിയതായും 5610 ഔദ്യോഗിക സമ്മേളനങ്ങൾ നടന്നതായും സംഘാടകർ അറിയിച്ചു. ഇതിനു പുറമേ 1.28 കോടി സന്ദർശകർ ഓൺലൈനിലൂടെ എക്സ്പോ കണ്ടിരുന്നതായും അധികൃതർ വ്യക്തമാക്കി.