യുഎഇ: യുഎഇ കോവിഡ് മുന്നണിപ്പോരാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും. ഗോൾഡൻ വിസ അനുവദിക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതുസംബന്ധിച്ച് നിർദേശം നൽകി. കോവിഡ് വ്യാപന സമയത്ത് പൊതുജനങ്ങൾക്ക് സംരക്ഷണം നൽകാൻ അസാധാരണശ്രമങ്ങൾ നടത്തിയ വ്യക്തികളെ തിരഞ്ഞെടുത്തായിരിക്കും രാജ്യം ഗോൾഡൻ വിസ നൽകി ആദരിക്കുക. 10 വർഷത്തേക്കുള്ളതാണ് ഗോൾഡൻ വിസ. ഇതിലൂടെ യു.എ.ഇയിലെ പ്രതിരോധനിര ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് കോവിഡ് പടർന്നുപിടിച്ച സമയത്ത് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരാണ് സന്നദ്ധസേവനത്തിന് രംഗത്തിറങ്ങിയത്. മുൻനിര പോരാളികളുടെ പ്രയത്നത്തിന് ആദരവ് നൽകുമെന്ന് യു.എ.ഇ. നേരത്തെത്തന്നെ അറിയിച്ചിരുന്നു.
ഇതിനകം വിവിധ മേഖലകളിലുള്ള ഒട്ടേറെപ്പേർക്ക് യു.എ. ഇ. ഗോൾഡൻ വിസ നൽകികഴിഞ്ഞു. ഡോക്ടർമാരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഗോൾഡൻ വിസയ്ക്ക് അപേക്ഷ നൽകാൻ കഴിഞ്ഞ ജൂലായിൽ സർക്കാർ ഡോക്ടർമാരെ ക്ഷണിച്ചിരുന്നു. യു.എ.ഇ. ഹെൽത്ത് റെഗുലേറ്ററി അതോറിറ്റികളുടെ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും ജൂലായ് മുതൽ 2022 സെപ്റ്റംബർ വരെ smartservices.ica.gov.ae എന്ന വെബ്സൈറ്റ് വഴി ഗോൾഡൻ വിസയ്ക്ക് അപേക്ഷ നൽകാം. smart.gdrfad.gov.ae എന്ന വെബ്സൈറ്റ് വഴിയും ലൈസൻസുള്ള ഡോക്ടർമാർക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.