ദുബൈ: ലോകക്രമത്തില്‍ കോര്‍പറേറ്റ് കമ്പനികളുടെ വാണിജ്യപരവും വ്യാവസായികവുമായ ബുദ്ധികേന്ദ്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യക്കാരാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്ന് ഡിപി വേള്‍ഡ് സിഒഒ മഹ്മൂദ് അല്‍ ബസ്തകി. ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ-രാഷ്ട്ര സേവാ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്ര നേതാക്കളോട് ‘ഹൂ ഈസ് ദി ഇന്‍ ചാര്‍ജ് ഓഫ് ദി വേള്‍ഡ്’ എന്ന ചോദ്യമുന്നയിച്ചാല്‍ ഓരോരുത്തരും ഓരോ രാജ്യങ്ങളെ ചൂണ്ടിക്കാട്ടി മറുപടി പറഞ്ഞെന്നിരിക്കും. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചാല്‍ ലോകത്തെ ഉന്നത കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യക്ക ാരാണെന്ന് അനായാസം പറയാനാകും. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി നിരവധി വമ്പന്‍ കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യക്കാരാണെന്ന് പറയാനാകും. മാത്രമല്ല, അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലെ ഭരണ രംഗത്തും ഇന്ത്യന്‍ സാന്നിധ്യം പ്രകടമാണ്. ഇത്തരത്തില്‍ ലോകത്തെ ചലിപ്പിക്കുന്നത് തന്നെ ഇന്ത്യക്കാരാണെന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും യുഎഇക്കുമിടയില്‍ നീണ്ട കാലത്തെ ബന്ധങ്ങളുണ്ട്. പ്രത്യേകിച്ചും, കേരളത്തിലെ ജനങ്ങളുമായി. ഇമാറാത്തികളെയും കേരളക്കാരെയും നോക്കൂ. കാണാന്‍ തന്നെ ഒരു പോലെയിരിക്കുന്നു. ദുബൈയുമായും ഇന്ത്യക്ക് അടുത്ത ബന്ധമുണ്ട്. ഒരു കാലത്ത് ഇവിടത്തെ കറന്‍സി ഇന്ത്യന്‍ രൂപയായിരുന്നു. യുഎഇ ജനങ്ങള്‍ കേരളീയ വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നു. കീമ പൊറോട്ട പ്രസിദ്ധമാണ്. എരിവുള്ള ഭക്ഷണത്തിന് പേരു കേട്ടവരാണ് മലയാളികള്‍. എനിക്കൊരുപാട് മലയാളികള്‍ സുഹൃത്തുക്കളായുണ്ട്.
ഡിപി വേള്‍ഡിന് ഇന്ത്യയില്‍ നിരവധി പദ്ധതികളുണ്ട്. കൊച്ചിയിലും ചെന്നെയിലും മുംബൈയിലും ഡിപി വേള്‍ഡിന്റെ നിക്ഷേപങ്ങളുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ക്ക് പ്രത്യേക കെമിസ്ട്രിയുണ്ട്. ഇതിന് നൂറ്റാണ്ടുകള്‍ കൊണ്ടുണ്ടായ അടിസ്ഥാനമാണുള്ളത്. അതുകൊണ്ടു തന്നെയാണ് ദുബൈ ഭരണാധികാരി ഇവിടെ മസ്ജിദിനോട് ചേര്‍ന്ന് ക്ഷേത്രവും പണിതിട്ടുള്ളത്. ഇവിടെ മുസ്‌ലിംകളെ മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മറ്റു മതസ്ഥരെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണുള്ളത്. ഇവിടെ വിവിധ മതങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ശാന്തിയും സമാധാനവും ദര്‍ശിക്കാന്‍ കഴിയും. ഞാന്‍ ഓര്‍ക്കുന്നു, കുട്ടിയായിരുന്ന കാലത്ത് എന്റെ വീടിനടുത്ത് ഒരു ഇന്ത്യക്കാരി അവരുടെ വീട്ടില്‍ ചെറിയ സ്‌കൂള്‍ തുടങ്ങിയത്. അല്‍ ബസ്തകിയാ എന്ന ക്രീക്കിനോട് ചേര്‍ന്ന സ്ഥലമായിരുന്നു അത്. അവര്‍ തുടങ്ങി വെച്ച ആ കൊച്ചു സ്ഥാപനമാണ് പിന്നീട് വര്‍ക്കി ഗ്രൂപ്പായി വളര്‍ന്നത്.
ഇന്ത്യക്കാര്‍ ദുബൈ എന്ന നാടിനെ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിലൂടെ ബന്ധങ്ങളുടെ സൗന്ദര്യത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഡോ. ശശി തരൂരിനെ പോലുള്ള പ്രതിഭക്ക് അവാര്‍ഡ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ രചനകള്‍ കാലിക പ്രസക്തവും മഹത്തരവുമാണ്. എത്ര മനോഹരവും ചിന്തോദ്ദീകപവുമാണ് ആ ഭാഷ!
സിഎച്ച് മുഹമ്മദ് കോയ എന്ന പ്രതിഭാ സമ്പന്നനായ നേതാവിനെ സ്മരിക്കുന്ന സമ്മേളനമാണിത്. കേരളീയ സമൂഹത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന മഹാ വ്യക്തിത്വം. ആ നേതാവിനെ ഞാനും ഇവിടെ സ്‌നേഹപൂര്‍വം ഓര്‍ക്കുകയാണ്. നാളെ പരലോകത്ത് അള്ളാഹു അദ്ദേഹത്തിന് നല്ലൊരു ജീവിതം പ്രദാനം ചെയ്യട്ടെയെന്നും നമ്മെയും അദ്ദേഹത്തെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കട്ടെയെന്നും ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം വികാര നിര്‍ഭരമായ ഉദ്ഘാടന പ്രസംഗം ഉപസംഹരിച്ചത്.