അബുദാബി: പ്രവാസി തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കുക, തൊഴിലിൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യകതയിൽ അബുദാബി ഡയലോഗിന്റെ ഭാഗമായുള്ള ആറാമത് മന്ത്രിതലചർച്ച ധാരണയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക ഊന്നൽനൽകികൊണ്ടായിരുന്നു ഗൾഫ് മേഖലയിലെ മുഖ്യ തൊഴിൽദാതാക്കളായ ആറ് രാജ്യങ്ങൾ ഉൾപ്പെടെ 18 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത അബുദാബി ഡയലോഗ്. തൊഴിൽ മേഖലയിൽ പ്രാദേശിക സഹകരണം ഉറപ്പാക്കുന്ന കാര്യത്തിൽ യോജിപ്പിലെത്തിയതായും എന്നാൽ തീരുമാനം ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദി തൊഴിൽവകുപ്പുമന്ത്രിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി വിഷൻ 2030-ന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്കിടയിൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. അതിൽ വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾക്ക് ധാരാളം സാധ്യതകളുണ്ടാകും. തൊഴിലാളികളുടെ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കഴിവുകൾ കൈമാറാൻ ശ്രമങ്ങൾ ഊർജിതമാക്കും. ഇന്ത്യ യു.എ.ഇ.യുമായി ദീർഘകാലത്തെ ഉഭയകക്ഷി ബന്ധമാണുള്ളത്. വിവിധ മേഖലകളിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്. അതിൽ പുതിയൊരു ചുവടുവെപ്പാണ് ബഹിരാകാശമേഖലയിലെ കാൽവെപ്പ്. ഇന്ത്യയും യു.എ.ഇ.യും ചേർന്ന് നടത്തുന്ന ശ്രമങ്ങൾ രണ്ട് രാജ്യക്കാർക്കും പ്രയോജനകരമാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.