ദുബായ്: ഇത്തവണത്തെ ട്വന്റി 20 (T20 World cup) ക്രിക്കറ്റില്‍ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് സാക്ഷിയാവാന്‍ ദുബൈ അന്താരാഷ്‍ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങി. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന വേദിയാണിത്. ചിരവൈരികളായ പാകിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുവരെ കാണാത്ത ആരവമായിരിക്കും അലയടിക്കുക.
കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നത്. ദുബൈ, ഷാര്‍ജ, അബുദാബി ക്രിക്ക്റ്റ് സ്റ്റേഡിയങ്ങളില്‍ 70 ശതമാനം കാണികള്‍ക്ക് പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് 72 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒന്നിടവിട്ട കസേരകളില്‍ ഇരിക്കാനായിരിക്കും കാണികള്‍ക്ക് അനുമതി.
ഷാര്‍ജ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന്റെ മധുര സ്‍മരണകളുമായി കഴിയുന്ന പ്രവാസി സമൂഹം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇരുപതിനായിരത്തിലേറെ കാണികളാണ് ഇന്ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒഴികിയെത്തുക. ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങിയവര്‍ അതിന്റെ എത്രയോ ഇരട്ടിയും. പല ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ബിഗ് സ്‍ക്രീനുകളില്‍ മത്സരം കാണാന്‍ അവസരമൊരുക്കുന്നുണ്ട്. പ്രവാസികള്‍ക്ക് പുറമെ കളി കാണാനായി മാത്രം ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും നിരവധി സന്ദര്‍ശകരും യുഎഇയിലെത്തിയിട്ടുണ്ട്.