ദുബായ്: നബിദിനം ഉൾപ്പെടെ വാരാന്ത്യത്തിൽ ലഭിക്കുന്ന ഇന്ന് തൊട്ടുള്ള മൂന്ന് അവധി ദിവസങ്ങളിൽ എക്സ്‌പോ 2020 വേദി വിവിധയിനം പരിപാടി കളൊരുക്കും. വിവിധ പവിലിയ നുകളിൽ കുട്ടികൾക്കും മുതിർന്ന വർക്കുമായി വിസ്മയക്കാഴ്ചകളാണ് കാത്തിരിക്കുന്നത്. ബ്രിട്ടീഷ് ഗായകൻ സാമി യൂസഫ്, എ.ആർ. റഹ്മാന്റെ ഫിർദൗസ് വനിതാ ഓർക്കെസ്‌ട്ര എന്നിവരുടെ പരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടുക. കൂടാതെ അലിഫ് മൊബിലിറ്റി പവിലിയനടുത്തു ള്ള സ്‌പോർട്‌സ്, ഫിറ്റ്‌നെസ് ഹബ്ബുകളിൽ ധാരാളം കായികപ്രവർത്തനങ്ങളുമുണ്ടാകും.അറബ് ലോകത്തു നിന്നുള്ള സ്ത്രീകൾ ബഹിരാകാശ പര്യവേക്ഷണത്തിന് നൽകിയ സംഭാവനകളെ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ പ്രത്യേക പരിപാടിയുണ്ട് . രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വുമൻസ് പവിലിയനിലാണിത്. വൈകീട്ട് നാല് മുതൽ 4.30 വരെ യു.എ.ഇ. സൈന്യത്തിന്റെ എയ്‌റോബാറ്റിക് പ്രദർശനമുണ്ടാകും. 4.30 മുതൽ അഞ്ച് മണിവരെ സൗദി ഫാൽക്കൺസിന്റെ പ്രകടനം നടക്കും. ജൂബിലി പാർക്കിൽനിന്നാണ് ഈ കാഴ്ചകൾ കാണാനാവുക.വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെ അൽ വാസൽ പ്ലാസയിൽ ‘ഫൈവ് സില്ലി ബേർഡ്‌സ്’ ആയി സംവദിക്കാനുള്ള അവസരമുണ്ടാകും. 5.30 മുതൽ രാത്രി എട്ട് വരെ മൊബിലിറ്റി പവിലിയനിൽ മൂവിങ് വാട്ടർ ഷോ ഉണ്ടാകും. കൂടാതെ സൗദി സിഗ്നേച്ചർ പെർഫോമൻസ് ഗ്രൂപ്പിന്റെ പ്രത്യേക പരിപാടി സൗദി പവിലിയനിൽ എല്ലാ ദിവസവും രാത്രി ഏഴ്, 7.40, ഒമ്പത്, 9.40 എന്നീ സമയങ്ങളിൽ അരങ്ങേറും. പാകിസ്താൻ-യു.എ.ഇ സാഹോദര്യത്തിന്റെ 50 വർഷം ആഘോഷിക്കുന്ന പ്രത്യേക പരിപാടി ജൂബിലി സ്റ്റേജിൽ രാത്രി 8.30-ന് നടക്കും.
നാളെ ലിത്വാനിയയുടെ ദേശീയ ദിനാഘോഷപരിപാടി അരങ്ങേറും. ഉച്ചക്ക് 1.30 മുതൽ ഓപ്പർച്യൂനിറ്റി സോണിലെ സൺ സ്‌റ്റേജിൽ ഇലക്േട്രാണിക് ഫാന്റസി ഓപറ നടക്കും. അൽ വാസൽ സോണിൽ ഉച്ചകഴിഞ്ഞ് 2.30ന് ബ്ലൂം ബീസ് ഷോ, വൈകീട്ട് നാലിന് എയ്‌റോബാറ്റിക് പ്രദർശനം, 6.15ന് ജൂബിലി സ്റ്റേജിൽ ഹോസ്‌നി ബാൻഡ് എന്നിവയുണ്ടാകും.സുസ്ഥിരതാ മേഖലയിലെ എർത്ത് സ്‌റ്റേജിൽ വൈകീട്ട് 6.30 മുതൽ സൗദിയുടെ പ്രത്യേക സംഗീത പരിപാടി, ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ രാത്രി 7.30-ന് കവികൾ പങ്കെടുക്കുന്ന പരിപാടി, വൈകീട്ട് എട്ടിന് ജൂബിലി സ്റ്റേജിൽ ക്ലാസിക്, സമകാലീന ഓപ്പറ, ഇലക്‌േട്രാണിക് എന്നിവയുടെ ഗാല കൺസേർട്ട്, രാത്രി 8.30-ന് ബിയോണ്ട് ദി സ്റ്റാർസ് എന്ന പേരിൽ ഒരുമണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകീട്ട് ആറിന് ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ പ്രത്യേക ശാസ്ത്രീയസംഗീത പരിപാടി അരങ്ങേറും. ജൂബിലി പാർക്കിലെ വലിയ സ്‌ക്രീനിൽ എക്‌സ്‌പോ കഥാപാത്രങ്ങളായ റഷീദിന്റെയും ലത്തീഫയുടെയും പ്രത്യേക സാഹസിക എപ്പിസോഡ് കാണാം. രാത്രി ഏഴ് മണിക്ക് ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രകടനമുണ്ടാകും. രാത്രി 7.30ന് എർത്ത് സ്റ്റേജിൽ മലേഷ്യ ട്രൂലി ഏഷ്യാ കൾച്ചറൽ ഷോകേസ് അവതരിപ്പിക്കുന്ന പരിപാടിയും 8.30ന് അൽ വാസൽ പ്ലാസയിൽ സാമി യൂസഫിന്റെ പ്രത്യേക ഷോയുമുണ്ടാകും.