യു എ ഇയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകാരെക്കുറിച്ച് ജാഗ്രത പാലിക്കാൻ അബുദാബി പൊലീസ് ഉദ്യോഗാർഥികളോട് അഭ്യർഥിച്ചു. വ്യാജ കമ്പനികൾക്കായി സമൂഹ മാധ്യമ അക്കൗണ്ടുകൾ നിർമിച്ചാണ് തൊഴിലന്വേഷക രുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്നതെന്ന് അധികൃതർ പറഞ്ഞു, യുഎഇയിൽ നടക്കുന്ന വൻ പരിപാടികളിൽ ആളുകളെ ജോലിക്കെടുക്കുന്നു എന്ന് പറഞ്ഞാണ് വലവിരിക്കുന്നത്. വ്യാജ കമ്പനികളുടെ സമൂഹ മാധ്യമ പേജുകൾ ഉണ്ടാക്കി അപേക്ഷകള്‍ ക്ഷണിച്ച ശേഷം അപേക്ഷകരിൽ നിന്ന് പണം പിടുങ്ങുന്നു.
പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ചില തട്ടിപ്പുകാർ വൻകിട കമ്പനികളുടെ പേരിലും ആളുകളെ ജോലിക്ക് ക്ഷണിക്കുന്നതായി അബുദാബി പൊലീസ് ക്രമിനൽ സെക്യുരിറ്റി മാനേജർ മേജര്‍ ജനറൽ മുഹമ്മദ് സുഹൈൽ പറഞ്ഞു.
മറ്റു ചിലർ ജോലി തേടുന്ന യുവതികളുടെ ഫൊട്ടോ വാങ്ങിയ ശേഷം അവരെ ബ്ലാക് മെയിൽ ചെയ്യാനും മുതിരുന്നു. സമൂഹമാധ്യമങ്ങളില്‍ കാണുന്ന വ്യാജ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസികളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. ദുബായിലെ എക്സ്പോ2020യിലേയ്ക്കും ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് മാസങ്ങൾക്ക് മുൻപ് തട്ടിപ്പിന് ശ്രമിച്ചിരുന്നു