വിനിമയ നിരക്കിൽ യുഎഇ ദിർഹത്തിനെതിരെ രൂപ ദുർബലമായതോടെ പ്രവാസികൾക്കു നേട്ടം. ഒരു ദിർഹത്തിന് 20.40 രൂപയാണ് ഇന്നലെ ലഭിച്ച നിരക്ക്. ഇതോടെ നാട്ടിലേക്കു പണം അയക്കാനെത്തുന്നവരുടെ എണ്ണമേറിയെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.യുഎസ് ഡോളർ ശക്തിപ്പെട്ടതും ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് ഇന്ത്യൻ രൂപ കൂടുതൽ ദുർബലമാകാൻ കാരണം. വരും ദിവസങ്ങ
ളിൽ ഡോളർ കരുത്തുകാട്ടുന്നതോടെ രൂപ കൂടുതൽ ദുർബലമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഏപ്രിലിനു ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ രൂപ താഴ്ന്നു.ഒരു ഡോളറിന് 74.97 / 74.98 രൂപ വരെ എത്തിയിരുന്നു. ഇന്നലെ അത് 74.44ൽ എത്തി. ജൂൺ 17നു ശേഷം ഒറ്റ ദിവസം 0.7% ഇടിയുന്നതും ഇതാദ്യം.
കോവിഡ് പശ്ചാത്തലത്തിൽ വിപണികളെ പിടിച്ചുനിർത്താൻ യുഎസ് സർക്കാർ ഇറക്കിയിരുന്ന ബോണ്ട് ബയിങ് പ്രോഗ്രാം കുറയ്ക്കാനുള്ള തീരുമാനം വരുംകാലങ്ങളിൽ ഡോളറിനു കരുത്താകും.
റിസർവ് ബാങ്ക് വേണ്ട നടപടി എടുത്തില്ലെങ്കിൽ ഡോളറിനെതിരെ രൂപ 76 കടക്കാനും ഡിസംബറോടെ 77 ആകാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു