സർക്കാർ ജീവനക്കാർക്കായി 1000 എക്സ്പോ 2020 ടിക്കറ്റുകൾ സമ്മാനമായി നൽകി അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി. സ്വന്തം ചെലവിലാണ് ഇത്രയും ടിക്കറ്റുകൾ ശൈഖ് അബ്ദുൽ അസീസ് സമ്മാനമായി നൽകിയത്. ആഗോള പരിപാടിയെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിത്.
എക്സ്പോ 2020 യിൽ പങ്കെടുക്കാനും ആഗോള പവിലിയനുകൾ സന്ദർശിക്കാനുമായി സർക്കാർ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എക്സ്പോ സംഘടിപ്പിക്കുന്നതിനും ആതിഥേയത്വം വഹിക്കുന്നതിനും സംഘാടകരെ അൽ നുഐമി അഭിനന്ദിച്ചു.