ഏറ്റവും ചുരുങ്ങിയ ചെലവിൽ സകുടുംബം ‘ലോകരാജ്യ ങ്ങളിൽ’ സന്ദർശനം നടത്താൻ എക്സ്പോയിൽ അവസരം. ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് എക്സോപൊയിൽ ഉള്ളത് .നാട്ടുതനിമകൾ നിറഞ്ഞ പവിലിയനുകൾ പ്രതീക്ഷകളെ കടത്തിവെട്ടിയ പുതിയ ലോകമാണ് ഒരുക്കിയത്. ഹൈടെക് യാത്ര അതിവേഗത്തിലാക്കി മെട്രോയും പൊതു ബസുകളും ഉണ്ട്. ‘എക്സ്പോ റൈഡർ’ എന്ന പേരിൽ ദുബായിലെ 9 മേഖലകളിൽ നിന്ന് എക്സ്പോ വേദിയിലേക്ക് 126 ബസുകൾ സൗജന്യ സർവീസ് നടത്തുന്നു.
ഒരു ദിവസത്തേക്കുള്ള 95 ദിർഹത്തിന്റെ ടിക്കറ്റിന് ഈ മാസം മുഴുവൻ എക്സ്പോ സന്ദർശിക്കാൻ കഴിയുന്ന ‘ഒക്ടോബർ പാസ്’ സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. 15നകം ബുക്ക് ചെയ്യണം. സൈറ്റ്: www.expo2020dubai.com. 950 ദിർഹത്തിന്റെ (ഏകദേശം 19,000 രൂപ) പാക്കേജിൽ മാതാപിതാക്കളും വീട്ടുജോലിക്കാരിയും ഉൾപ്പെടെയുള്ള കുടുംബത്തിന് സന്ദർശനം നടത്താം.ഇവർക്ക് എക്സ്പോ ഭക്ഷണശാലകളിൽ ഇളവുമുണ്ടാകും.
മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് 25% ഇളവ് ലഭിക്കും. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, 60 വയസ്സ് കഴിഞ്ഞ വയോധികർ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്.എക്സ്പോ വേദിയിലേക്ക് മെട്രോയിൽ സിൽവർ നോൽ കാർഡ് ഉപയോഗിച്ച് രണ്ടിലേറെ സോണുകളിൽ യാത്ര ചെയ്യണമെങ്കിൽ 7.50 ദിർഹമാണ് നിരക്ക്. 2 സോൺ 5 ദിർഹം, ഒറ്റസോൺ 3 ദിർഹം എന്നിങ്ങനെ.
ആകെ 7 സോണുകളാണുള്ളത്. റെഡ്-ഗ്രീൻ ലൈനുകളിൽ തിരക്കുള്ള സമയങ്ങളിൽ 2.38 മിനിറ്റ് ഇടവേളയിൽ ട്രെയിൻ എത്തും .ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 1.15 വരെ സർവീസ് ഉണ്ടാകും. വ്യാഴം പുലർച്ചെ 5 മുതൽ പിറ്റേന്നു പുലർച്ചെ 2.25 വരെയും വെള്ളി രാവിലെ 8 മുതൽ രാത്രി 1.15വരെയുമാണ് സർവീസ്. വിപുല ടാക്സി ശൃംഖലയുമുണ്ട്.