ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കായ് വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നാളെ, ഒക്ടോബർ 4 മുതൽ ആരംഭിക്കും. ഡൽഹി യൂണിവേഴ്സിറ്റി അഡ്മിഷനുവേണ്ടിയുള്ള ആദ്യത്തെ കട്ട് ഓഫ് മാർക്ക് ലിസ്റ്റ് ഒക്ടോബർ 1-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യ കട്ട് ഓഫ് നെ മുൻനിർത്തിയുള്ള എല്ലാ അഡ്മിഷനും ഒക്ടോബർ 7-ന് വൈകുന്നേരം 5-ന് മുൻപായ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഫീസ് അടക്കുന്നതിനുള്ള സമയം ഒക്ടോബർ 8 വൈകുന്നേരം 5 വരെയാണ്.
അഡ്മിഷൻ പൂർണമായും ഓൺലൈൻ രീതിയിൽ ആണ്. യൂണിവേഴ്സിറ്റി പോർട്ടൽ ഉപയോഗിച്ച് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തവർ മാത്രമേ അഡ്മിഷൻ യോഗ്യരായിരിക്കു. യൂണിവേഴ്സിറ്റി /കോളേജ് ആവശ്യപ്പെടുന്നതനുസരിച്ച് വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ്കളുമായി ഹാജരാകേണ്ടതുണ്ട്. അഡ്മിഷൻ നടപടികളെല്ലാം തന്നെ യൂണിവേഴ്സിറ്റി ഓഫ് ഡൽഹി അണ്ടർ ഗ്രാജ്യുയേറ്റ് അഡ്മിഷൻ പോർട്ടലിൽ ഉണ്ടാക്കിയ സ്വന്തം ലോഗിൻ ഐ ഡി ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് യൂണിവേഴ്സിറ്റി അധികാരികൾ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
അഡ്മിഷൻ സംബന്ധിച്ചുള്ള പരാതികൾക്ക് കോളേജിലെ ഗ്രേവിയൻസ് കമ്മിറ്റിയെ സമീപിക്കാം. നിശ്ചിത സമയത്തിനുള്ളിൽ പ്രശ്ന പരിഹാരം കാണാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സെൻട്രൽ അഡ്മിഷൻ ഗ്രേവിയൻസ് റിഡ്രെസ്സൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണെന്ന് യൂണിവേഴ്സിറ്റി അറിയിച്ചിട്ടുണ്ട്.