അബുദാബി: ഇൻഡോനേഷ്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വലിയനിരയൊരുക്കി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇൻഡോനേഷ്യൻ വിപണന മേള ‘പ്രൗഡ്ലി ഫ്രം ഇൻഡോനേഷ്യ’ക്ക് തുടക്കമായി. അബുദാബി മുഷിരിഫ് മാളിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഇൻഡോനേഷ്യൻ സ്ഥാനപതി ഹുസിൻ ബാഗിസ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി പങ്കെടുത്തു.
സെപ്തംബർ ഒന്നുവരെ നടക്കുന്ന മേളയിൽ യു.എ.ഇയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇൻഡോനേഷ്യയിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കും.
ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വലിയ നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ഈ മാസം ഇത്തരമൊരു വിപണന മേളയൊരുക്കുന്നതിലൂടെ ഇൻഡോനേഷ്യക്ക് ലുലു നൽകുന്ന പിന്തുണ ഏറെ വലുതാണെന്ന് സ്ഥാനപതി പറഞ്ഞു. സ്വദേശികൾക്കും താമസക്കാർക്കും ഇൻഡോനേഷ്യൻ സംസ്കൃതിയും രുചിയും നേരിട്ടറിയാൻ ലഭിക്കുന്ന അവസരമായിരിക്കും ഇതെന്ന് അഷ്റഫ് അലി പറഞ്ഞു.
നിലവിൽ ലുലു ഇൻഡോനേഷ്യയിൽ 900 സ്വദേശികൾ ജോലിചെയ്യുന്നു. മൂന്നുവർഷം കൊണ്ട് നേരിട്ടും അല്ലാതെയും 5000 സ്വദേശികൾക്ക് തൊഴിലവസരമൊരുക്കുമെന്നും അദ്ധേഹം പറഞ്ഞു.