ദുബൈ: കെഎംസിസി നേതാവ് കെ.പി മുഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വിസ നൽകി
പ്രമുഖ യുവ വ്യവസായിയും കെപി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയുമാണ് കെ.പി മുഹമ്മദ് . കെപി ഗ്രൂപ്പിന് കീഴില്‍ കഴിഞ്ഞ 16 വര്‍ഷമായി വ്യത്യസ്ത സംരംഭങ്ങള്‍ മികച്ച നിലയില്‍ നടത്തി വരുന്ന അദ്ദേഹം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അധികൃതരില്‍ നിന്നുമാണ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
പലമേഖലയിലും ലോകരാജ്യങ്ങൾക്ക് മാതൃകയായ യു എ ഇ യുടെ ഗോൾഡൻ വിസ ലഭിക്കുക എന്നത് ഓരോ പ്രവാസിയുടെയും അഭിമാനവും വലിയ ആഗ്രഹവുമാണ്. പ്രവാസ സമൂഹത്തെ സ്വന്തം പൗരന്മാരെ പോലെ കണക്കാക്കി അവര്‍ക്ക് മികച്ച തൊഴില്‍, സംരംഭക, വ്യാവസായിക സൗകര്യങ്ങളും പിന്തുണയും നല്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നേതൃത്വത്തില്‍ ഈ നാട് എല്ലാ രംഗങ്ങളിലും ഏറ്റവും സ്തുത്യര്‍ഹ നിലയില്‍ മുന്നേറുന്നതില്‍ നാമെല്ലാം ഏറെ സന്തുഷ്ടരും കൃതാര്ത്ഥരുമാണെന്നും കെ.പി മുഹമ്മദ് പറഞ്ഞു.
ഗോള്‍ഡന്‍ വിസ ഒരു ആദരമാണ്. ഈ നാടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും പങ്കു വഹിച്ചതിനുള്ള സ്നേഹോപഹാരമാണിതെന്നും ഈ അംഗീകാരത്തിലേക്ക് തന്നെ നയിച്ചതില്‍ വലിയ പിന്തുണയും പ്രചോദനവും പകര്‍ന്ന പ്രിയപ്പെട്ട പിതാവ് കെ.പി കുഞ്ഞബ്ദുല്ല ഹാജി, പാര്‍കോ ഗ്രൂപ് ചെയര്‍മാനായിരുന്ന പി.എ റഹ്മാന് സാഹിബ്, കെപി ഗ്രൂപ്പിലെയും പാര്‍കോ ഗ്രൂപ്പിലെയും സഹപ്രവര്‍ത്തകര്‍, ദുബൈ കെഎംസിസി-ദുബൈ സിഎച്ച് സെന്റര്‍ തുടങ്ങിയ സംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരോടെല്ലാം താന്‍ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ കെ.പി മുഹമ്മദ് നാദാപുരം പേരോട് കുഞ്ഞബ്ദുല്ല ഹാജിയുടെയും ഹലീമയുടെയും മകനാണ് . ഭാര്യ: മുബീന മുഹമ്മദ്. മക്കള്‍: ഫാത്തിമ, ആയിഷ, ഖദീജ. സഹോദരങ്ങള്‍: കെ.പി റിയാസ്, കെ.പി ആഷിഖ് (ദുബൈ), കെ.പി ഷമീന.