കണ്ണൂര്‍: പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗവും ഐ സി യു വിഭാഗത്തിലും കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ സേവനം ലഭിക്കും. അത്യാഹിത ഘട്ടങ്ങളില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടി വരുന്ന പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുള്ളവരുടേയും ദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്ന് ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്ഹാന് യാസിന് പറഞ്ഞു.
എമര്‍ജന്‍സി മെഡിസിനില്‍ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും നഴ്സിങ്ങ് ജീവനക്കാരുടേയും മുഴുവന്‍ സമയ സാന്നിദ്ധ്യം എമര്‍ജന്‍സി വിഭാഗത്തിലും, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടേയും നഴ്സിങ്ങ് ജീവനക്കാരുടേയും സാന്നിദ്ധ്യം ഐ സി യു വിലും ഇതോടെ ലഭ്യമാകും. അനമയ ഹോസ്പിറ്റല്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. മിഥുന്, ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള & ഒമാന്‍ ക്ലസ്റ്റര്‍ സി ഇ ഒ ഫര്ഹാന് യാസിന് എന്നിവര്‍ ചേര്‍ന്ന് ധാരണ പത്രം ഒപ്പുവെച്ചു. ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി. പി. ബിസിനസ്സ് ഡവലപ്മെന്റ് ക്ലസ്റ്റര്‍ ഹെഡ് നസീര്‍ പി എന്നിവര്‍ സന്നിഹിതരായിരുന്നു.