കണ്ണൂർ: ഫെവാർ[Fenestrated endovasular Aortic Repair ] എന്ന അപൂർവ്വ പ്രൊസീജ്യറിലൂടെ കണ്ണൂർ ആസ്റ്റർ മിംസിൽ വെച്ച് 65 വയസ്സുകാരന് പുനർജന്മം. ഉത്തര കേരളത്തിൽ ആദ്യമായാണ് വിജയകരമായി ഫെവാർ പ്രൊസീജ്യർ നിർവ്വഹിക്കുന്നത്.
അസഹനീയമായ വയറുവേദനയെ തുടർന്ന് മറ്റൊരു ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം ആദ്യം ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ വയറിൽ രക്തസ്രാവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആസ്റ്റർ മിംസിലേക്ക് റഫർ ചെയ്യുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ നിരവധി ബ്ലഡ് ട്രാൻസ്ഫ്യൂഷന് വിധേയനാക്കിയശേഷം അടിയന്തരമായി CT സ്കാൻ എടുത്തു. മഹാധമനിയിൽ അന്യൂറിസം വന്നതിനെ തുടർന്നാണ് വയറിലേക്ക് രക്തസ്രാവം സംഭവിച്ചതെന്ന് കണ്ടെത്തി.
അടിയന്തരമായി മഹാധമനിയിലെ ലീക്ക് അടയ്ക്കുക മാത്രമായിരുന്നു ജീവൻ രക്ഷിക്കാനുള്ള ഏക പോംവഴി. എന്നാൽ ലീക്ക് സംഭവിച്ച ഭാഗത്തിന് തൊട്ട് മുകളിലായി മറ്റ് അവയവങ്ങളിലേക്കുള്ള മഹാധമനിയുടെ ശാഖകൾ ആരംഭിക്കുന്നുണ്ട്. അവയിലേക്കുള്ള രക്തപ്രവാഹം തടയാതെ ലീക്ക് അടയ്ക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് എന്ന ചികിത്സാരീതി ഫെവാർ അനുവർത്തിക്കാൻ തീരുമാനിച്ചത്.
അതിനൂതനമായ സൂക്ഷ്മ ദ്വാര ശസ്ത്രക്രിയ രീതിയാണ് ഫെവാർ. ശരീരത്തിൽ സൃഷ്ടിച്ച നേർത്ത ദ്വാരത്തിലൂടെ ഫാബ്രിക് കവറിംഗ് ഉള്ള എൻഡോഗ്രാഫ് എന്ന പ്രത്യേക സ്റ്റെൻ്റ് ആണ് സന്നിവേശിപ്പിച്ചത്. വൃക്ക ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളിലേക്ക് രക്തം ഒഴുകുന്ന ഭാഗങ്ങളിൽ ഡോക്ടർമാർ അതിനനുസരിച്ച സുഷിരം സൃഷ്ടിച്ച ശേഷം അത് കൃത്യമായി സ്ഥാപിക്കുകയാണ് ചെയ്തത്. ഇതിലൂടെ മഹാധമനിയിലെ ലീക്ക് അടയ്ക്കാനും വൃക്കയിലേക്കും മറ്റ് ശരീര ഭാഗങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടാതെ സുഖമമാക്കാനും സാധിച്ചു.
രോഗിയുടെ ബന്ധുക്കളുടെ സമ്മതം ലഭിച്ച ഉടൻ തന്നെ സ്പഷ്യൽ സ്റ്റെൻറ് അടിയന്തരമായി ഡൽഹിയിൽ നിന്നും വിമാന മാർഗ്ഗം എത്തിക്കുകയായിരുന്നു. ഇൻ്റർവെൻഷനൽ കാർഡിയോളജിസ്റ്റുമാർ, ഇൻ്റർവെൻഷനൽ റേഡിയോളജിസ്റ് , കാർഡിയോ തെറാസിക് സർജൻ, കാർഡിയാക് അനസ്തറ്റിസ്റ്റ് എന്നിവരുടെ ടീമാണ് പ്രൊസീജ്യറിന് നേതൃത്വം വഹിച്ചത്. രോഗിയെ ജനറൽ അനസ്തേഷ്യക്കാണ് വിധേയനാക്കിയത്. ഫിമോറൽ ആർട്ടറിയിൽ നേർത്ത ദ്വാരം സൃഷ്ടിച്ച് അതിലേക്ക് എൻ്റോഗ്രാഫ് പ്രവേശിപ്പിക്കുകയും രക്തക്കുഴലുകൾ വഴി അന്യൂറിസം ബാധിച്ചഭാഗത്ത് എത്തിച്ച് മറ്റ് അവയവങ്ങളിലേക്ക് രക്തപ്രവാഹം ഉറപ്പ് വരുത്താൻ സൃഷ്ടിച്ച ദ്വാരങ്ങൾ കൃത്യമായി സ്ഥാപിക്കുകയുമാണ് ചെയ്തത്. 8 മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ പൂർത്തീകരിച്ച് അഞ്ചാം ദിവസം രോഗിയെ ഡിസ്ചാർജ്ജ് ചെയ്തു .
രോഗിയുടെ സ്വന്തം നാട്ടിൽ ചുരുങ്ങിയ സമയത്തിനകം എത്തിച്ചേരാൻ സൗകര്യമുള്ള ആശുപത്രിയിൽ ഇത്രയും സങ്കിർണ്ണമായ ചികിത്സാ സൗകര്യം ലഭ്യമായി എന്നതും, അവസ്ഥയുടെ ഗൗരവം ഉൾക്കൊണ്ട് അപൂർവ്വമായ ഈ ശസ്ത്രക്രിയയ്ക്ക് രോഗിയുടെ ബന്ധുക്കൾ സമ്മതം നൽകി എന്നതുമാണ് ഈ വലിയ നേട്ടത്തിന് പ്രധാന കാരണമായത്.
പത്രസമ്മേളനത്തിൽ Dr. അനിൽകുമാർ, Dr. പ്ലാസിഡ് സെബാസ്റ്റ്യൻ, Dr. ഉമേശൻ സി വി , Dr. വിനു എ, Dr പ്രസാദ് സുരേന്ദ്രൻ Dr. ഗണേഷ് എം എന്നിവർ പങ്കെടുത്തു.