യുഎഇ: അബ്രഹാം കരാറിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബുധനാഴ്ച ഇസ്രായേലിന്റെ ടെൽ അവീവിലുള്ള എംബസി ഔദ്യോഗികമായി തുറന്നു.
ഇസ്രയേലിന്റെ പുതിയ പ്രസിഡന്റ് ഐസക് ഹെർസോഗ്, യുഎഇ ഭക്ഷ്യ-ജല സുരക്ഷാ മന്ത്രി മറിയം അൽ മുഹൈരി, ഇസ്രായേലിലെ യുഎഇ അംബാസഡർ മുഹമ്മദ് അൽ ഖജ, മറ്റ് പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ചരിത്രപരമായ ഈ അവസരത്തിൽ യുഎഇ പതാക ഉയർത്തൽ, റിബൺ മുറിക്കൽ ചടങ്ങ്, ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു. ഇസ്രയേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡിന്റെ ആദ്യ മന്ത്രി സന്ദർശനത്തിനിടെ അബുദാബിയിലെ ഇസ്രായേൽ എംബസി ഉദ്ഘാടനം ചെയ്ത് രണ്ടാഴ്ച കഴിഞ്ഞാണ് ഇത്.
ഈ എംബസി നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള ഒരു സ്ഥലമായി മാത്രമല്ല, പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ദൗത്യത്തിന്റെ അടിത്തറയാകുകയും, സമാധാനത്തിന്റെ ഒരു പുതിയ മാതൃക കെട്ടിപ്പടുക്കുന്നതിനും ഒരു പുതിയ സഹകരണ സമീപനത്തിന് ഒരു മാതൃക നൽകുന്നതിനും പ്രവർത്തിക്കുകയും ചെയ്യുമെന്ന് അംബാസഡർ അൽ ഖജ പറഞ്ഞു.
ഇരു രാജ്യങ്ങളും മൂല്യങ്ങൾ പങ്കിടുന്ന നൂതന രാഷ്ട്രങ്ങളെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു. ഈ ബന്ധം മുഴുവൻ പ്രദേശത്തിനും ഗുണം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംബസി തുറക്കുന്നത് പശ്ചിമേഷ്യയുടെ സമാധാനം, സമൃദ്ധി, സുരക്ഷ എന്നിവയുടെ ഭാവിയിലേക്ക് ഒരുമിച്ചുള്ള യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് എന്ന് ഹെർസോഗ് പറഞ്ഞു.
യുഎഇ ഭക്ഷ്യ-ജല സുരക്ഷാ മന്ത്രി മറിയം അൽ മുഹൈരിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് എംബസി ഉദ്ഘാടനം നടന്നത്. ഇസ്രായേൽ കർഷക മന്ത്രി ഓഡെഡ് ഫോറർ ആതിഥേയത്വം വഹിച്ചു.
കാർഷികരംഗത്ത് ഗവേഷണത്തിനും നവീകരണത്തിനും ഊന്നൽ നൽകുകയും ജലപരിപാലനം, ജലസേചനം എന്നീ മേഖലകളിലെ പുരോഗതിയും ഉൾപ്പെടുന്ന കരാർ യുഎഇയും ഇസ്രായേലും ചൊവ്വാഴ്ച ഒപ്പുവച്ചു.