ദുബായ്: പ്രോഗ്രാമർമാർക്കായി ദേശീയ പരിപാടി ദുബായ് ഏറ്റവും വലിയ ടെക് ഭീമന്മാരുമായി ചേരുന്നുവെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ട്വിറ്റെർ വഴി പ്രഖ്യാപനം നടത്തി.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, സിസ്കോ, ഐബിഎം, എച്ച്പിഇ, ലിങ്ക്ഡ്ഇൻ, എൻവിഡിയ, ഫേസ്ബുക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചത്.
അഞ്ച് വർഷത്തിനുള്ളിൽ ഒരുലക്ഷം പ്രോഗ്രാമർമാരെ പരിശീലിപ്പിക്കുകയും ആകർഷിക്കുകയും 1,000 പ്രമുഖ ഡിജിറ്റൽ കമ്പനികളെ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു.
സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം ഇരട്ടിയാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത് – 1.5 ബില്യൺ ദിർഹം മുതൽ 4 ബില്യൺ ദിർഹം വരെ.
“നമ്മുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പുതിയ ഘട്ടമാണ് പ്രോഗ്രാമർമാർക്കായുള്ള ദേശീയ പരിപാടി ” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ലോകം മാറുന്നതിന്റെ കൂടെ ഡിജിറ്റൽ മാറ്റത്തിന്റെ വേഗത വർദ്ധിക്കുകയും ചെയ്യുന്നുവെന്നും, സമ്പദ്വ്യവസ്ഥയുടെ ആകൃതി വ്യത്യസ്തമായിരിക്കുമെന്നും, ഒപ്പം തൊഴിലുകളുടെ സ്വഭാവവും മാറുമെന്നും അദ്ദേഹം പറഞ്ഞു. അതിജീവനം, “ഏറ്റവും തയ്യാറായവർക്കും” “നമ്മുടെ ലോകത്തിലെ പുതിയ മാറ്റങ്ങളുമായി വേഗത്തിൽ മുന്നോട്ടുപോകുന്നവർക്കും” ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.