യുഎഇ: ഈ മാസം നടക്കുന്ന ലിവ ഈന്തപ്പന മേളയുടെ 17-ാം പതിപ്പിൽ 8 മില്യൺ ദിർഹത്തിൽ കൂടുതൽ സമ്മാനങ്ങൾ നൽകുന്നു. പക്ഷെ, കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം സന്ദർശകരെ മേളയിൽ അനുവദിക്കുന്നതല്ല.
ഉപപ്രധാനമന്ത്രിയായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് മേള നടക്കുക.
യുഎഇയുടെ സംസ്കാരവും പൈതൃകവും ആഘോഷിക്കുന്നതിനും, പ്രാദേശിക കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതുമായ മേള അൽ ദാഫ്രയുടെ ലിവ നഗരത്തിൽ ജൂലൈ 15 മുതൽ 18 വരെയും ജൂലൈ 22 മുതൽ 25 വരെയും നടക്കും.
ഏഴ് പഴ മത്സരങ്ങൾ, മൂന്ന് മികച്ച കാർഷിക മത്സരങ്ങൾ, ഒരു ഫ്രൂട്ട് ബാസ്കറ്റ് സൗന്ദര്യ മത്സരം എന്നിവയടക്കം 22 മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സാംസ്കാരിക പരിപാടികളുടെയും പൈതൃക ഉത്സവ സമിതിയുടെയും ഡെപ്യൂട്ടി ചെയർമാൻ ഈസ സെയ്ഫ് അൽ മസ്രൂയി പറഞ്ഞു.
കോവിഡ് -19 മുൻകരുതൽ നടപടികൾ കാരണം, ഈ വർഷത്തെ മേളയിൽ സന്ദർശകരെ അനുവദിക്കില്ല എന്ന് മാത്രമല്ല, പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യും.
ഈന്തപ്പഴവും ഫലവും എത്തിക്കുന്നതിന് നിയുക്ത പാതകൾ ഉൾപ്പെടെ കർശന മുൻകരുതൽ നടപടികൾ ഉണ്ടാകും.
പങ്കെടുക്കുന്ന എല്ലാവരും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടായിരിക്കണമെന്നു മാത്രമല്ല, 24 മണിക്കൂർ സാധുതയുള്ള നെഗറ്റീവ് പിസിആർ പരിശോധന കാണിക്കുകയും വേണം. മാസ്ക്കുകൾ നിർബന്ധമായും ധരിക്കുന്നതും, താപനില പരിശോധനയും, ദിവസേനയുള്ള സ്റ്റെറിലൈസഷനും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ് മറ്റ് നടപടികൾ.