തന്റെ പ്രജകൾക്കായ് വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പാർപ്പിടം, വ്യാപാരകേന്ദ്രം, തുടങ്ങി ഏത് കാര്യങ്ങൾക്കായാലും ഏറ്റവും മികച്ചത് നൽകുക എന്ന ഒരേയൊരു ദൃഢനിശ്ചയത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രഗത്ഭനായ ഭരണാധികാരിയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം..
തന്റെ പ്രജകൾക്ക് ലോകത്തിൽ തന്നെ ഏറ്റവും മികച്ച ഒരിടം നൽകാൻ അദ്ദേഹം ആരംഭിച്ച യാത്ര ജനുവരി 4 ലേക്ക് 15 വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ കൃത്യമായ ദീർഘവീക്ഷണങ്ങൾ ഈ യാത്രയിലുടനീളം പ്രകടമായി കാണാൻ കഴിയുന്നതാണ്.
ചുട്ടുപൊള്ളുന്ന മൺതരികളാൽ മാത്രം മൂടപ്പെട്ട ദുബായിയെ അംബരചുംബികളാൽ മൂടപ്പെട്ട നിലയിൽ കാണാൻ സാധിച്ചത് തികച്ചും ഒരു സ്വപ്ന സാക്ഷാത്കാരം ആണെന്ന് പറയാതെ വയ്യ.
2006, ജനുവരി 4 നാണ് ദുബായുടെ അമരക്കാരനായി സ്ഥാനമേറ്റത്. ജനുവരി 5ന് യു.എ.ഇ. സുപ്രീം കൗൺസിൽ യു.എ.ഇ.യുടെ വൈസ് പ്രസിഡന്റായും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ തിരഞ്ഞെടുത്തു. അതേ വർഷം ഫെബ്രുവരിയിൽ യു.എ.ഇ.യുടെ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
2009ൽ യു.എ.ഇ.പ്രസിഡന്റിന്റേയും ഫെഡറൽ സുപ്രീം കൗൺസിൽ അംഗങ്ങളുടേയും മുന്നിൽ യു.എ.ഇ.യെ ലോകത്തിൽ വെച്ച് ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എ.ഇ. വിഷൻ 2021 എന്ന ഫെഡറൽ തന്ത്രം മുന്നോട്ട് വെച്ചതും അദ്ദേഹമായിരുന്നു. അന്ന് പല ചർച്ചകൾക്ക് ഇടയാക്കിയെങ്കിലും 12 വർഷം പിന്നിട്ടു 2021 വർഷത്തിൽ എത്തിയപ്പോൾ ആ തന്ത്രങ്ങളൊക്കെയും മികച്ചതായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസ്റ്റ് കേന്ദ്രവും അറബ് രാജ്യങ്ങളിൽ വെച്ച് സാമ്പത്തിക ഭദ്രതയിൽ രണ്ടാമതും ആഗോളതലത്തിൽ മികച്ച ട്രേഡിംഗ് ഹബും വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ കാഴ്ചകളുടെയും ഇടമാണ് ഇന്ന് യു.എ.ഇ. എന്ന രാജ്യം.