കോവിഡ്_19 പകർച്ചവ്യാധിയുടെ ഭീതിയിൽ കഴിഞ്ഞ് പോയ 2020 വർഷത്തിൽ നിന്നും വാക്സിൻ എന്ന പുത്തൻ പ്രതീക്ഷകളുമായി പടികടന്നെത്തിയ 2021 വർഷത്തിന്റെ കാൽവർഷമാവുമ്പോഴേക്കും രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനങ്ങളിലും വാക്സിൻ വിതരണം നൽകാനുള്ള ഒരുക്കങ്ങളുമായി യു.എ.ഇ.ഗവർണ്മെന്റ്.
ഈയടുത്ത ദിവസങ്ങളിലായി ലോകമെമ്പാടുമുള്ള കോവിഡ്_19 പുതിയ കേസുകളിൽ വന്നുകൊണ്ടിരിക്കുന്ന ഗണ്യമായ വർദ്ധനവിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വന്നിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രനിർദേശങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന ഇളവുകൾ കാരണം യു.എ.ഇ. യിലെ കോവിഡ്_19 ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഡോ.ഫരീദാ അൽ ഹൊസൈനി അറിയിച്ചു.അവർ മുന്നോട്ട് വെച്ചിരിക്കുന്ന നടപടിക്രമങ്ങൾ താഴെപ്പറയുന്നവയാണ്.
* ഇതിനോടകം രാജ്യത്തിന്റെ 8 ശതമാനം വരുന്ന ജനസംഖ്യയിൽ വാക്സിൻ നൽകിയതായാണ് കണക്കാക്കുന്നത്. ദിനംപ്രതി 47,000 ഡോസസ് എന്ന നിരക്കിൽ 826,301 വാക്സിനുകൾ നൽകി.
* ഈ വർഷം മാർച്ച് അവസാനത്തോടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനങ്ങളിലും വാക്സിൻ വിതരണം നൽകാനുള്ള ശ്രമത്തിലാണ്. ഇത് രോഗബാധ നിരക്കിൽ ഗണ്യമായ കുറവ് വരുത്താൻ സഹായമായേക്കാം.
* വാക്സിൻ സംബന്ധമായ എല്ലാതര വിവരങ്ങളും സമൂഹത്തിന് നൽകാനായി ദേശീയ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
* രോഗം പിടിപെടാൻ കൂടുതൽ സാധ്യതകളുള്ള പ്രായമായവർ, മറ്റ് രോഗബാധിതർ എന്നിവർക്ക് പ്രത്യേക മുന്ഗണന നൽകുന്നതായിരിക്കും.
* 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരും താമസക്കാരും നിർബന്ധമായും വാക്സിൻ സ്വീകരിക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
* 18 വയസ്സിന് മുകളിലുള്ള യുവജനങ്ങളിലാണ് ഏറ്റവും കൂടുതൽ പകർച്ചയ്ക്ക് സാധ്യതയുള്ളത്. അവരിൽ വാക്സിൻ വിതരണം ചെയ്യുന്നതിലൂടെ പുതിയ രോഗബാധിതരുടെ നിരക്കിൽ കുറവ് വരുത്താൻ സഹായമായേക്കാം.