തങ്ങളുടെ രാജ്യത്തെ ലോകമെമ്പാടും ഉറ്റുനോക്കുന്നത് കണ്ട് അഭിമാനം കൊള്ളുകയാണ് ഓരോ ഇമറാത്തി ഹൃദയത്തുടിപ്പുകളും.. രാജ്യത്തിന്റെ 49 വർഷത്തെ ഏകത്വത്തിന്റെയും ആത്മസമർപ്പണങ്ങളേയും ആഗോളമാകെ അറിയിക്കുകയാണ് ഇവർ..” ഇഷീ ബിലാദി” എന്ന് തുടങ്ങുന്ന ദേശീയ ഗാനം രാജ്യമെമ്പാടും മുഴക്കിയും ഓരോ മുക്കിലും മൂലയിലും തങ്ങളുടെ ദേശസ്നേഹത്തിന്റെ പ്രതീകമായ് വിവിധവർണ്ണങ്ങളിലുള്ള എൽ.ഇ.ഡി. ലൈറ്റുകളിൽ ഭാവിയുടെ ഒരായിരം തിരിതെളിയിച്ചും മാതൃക കാട്ടുകയാണ് ഇമറാത്തികൾ.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയദിനത്തിന്റെ ആഘോഷങ്ങൾക്കുള്ള ഉജ്ജ്വലമായ ആരംഭം കുറിച്ചിരിക്കുകയാണ്…യു.എ.ഇ.യുടെ തലസ്ഥാനനഗരിയായ അബുദാബിയിലെ 12 പാലങ്ങളും 11 റൗണ്ട്എബൗട്ടുകളും അടങ്ങുന്ന റോഡുകളും സ്ഥലങ്ങളുമെല്ലാം 40,000പരം കൊടിതോരണങ്ങളാലും 5,200 ലൈറ്റുകളാലും മനോഹരമാക്കിയിരിക്കുകയാണ്….
യു.എ.ഇ.ലെ പലയിടങ്ങളിലായ് വർണ്ണാഭമായ പടക്കങ്ങൾ കൊണ്ട് രാജ്യത്തിന്റെ മികവിനെ ആകാശത്തോളംഉയർത്തിക്കാട്ടാനുള്ള എല്ലാ സഞ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
യു.എ.ഇ.യിലെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ അംബരചുംബികൾ ദേശീയതയുടെ വർണ്ണങ്ങളാൽ നിറയുന്ന ഡിസംബർ_2 ലെ മഞ്ഞുമൂടിയ രാത്രി വരാനിരിക്കുന്ന വർഷങ്ങളിലേക്കുള്ള ശുഭപ്രതീക്ഷ നൽകുന്നതായിരിക്കും…ഈ വർഷം തങ്ങളുടെ സ്വന്തം റെക്കോർഡ് ഭേദിച്ച് മുന്നേറിയ ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൈൻ ആയ പാം ഫൗണ്ടൈൻ ഡിസംബർ 1മുതൽ 3വരെയുള്ള ദിവസങ്ങളിൽ യു.എ.ഇ.യുടെ ഐക്യത്തെ അനുസ്മരിപ്പിക്കും വിധം തയ്യാറാക്കിയ മെലഡിഗാനവുമായ് ആദ്യ ദേശീയദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ദുബായുടെ വരും വേൾഡ് റെക്കോർഡ് സാധ്യതയുള്ള മ്യുസിയം ഓഫ് ഫ്യൂച്ചറിലും ഡിസംബർ __1ന് യുഎഇ യുടെ പതാകയുടെ നിറങ്ങൾ തെളിയുകയുണ്ടായി.
തന്റെ രാജ്യത്തിന്റെ പുരോഗതിക്കൊപ്പം ജനങ്ങളുടേയും പ്രതീക്ഷകളും ഇവിടം തെളിയുന്ന നിറങ്ങളും ലൈറ്റുകളും പോലെ വിരിയുകയാണ്.