അർജന്റീനയുടെ രണ്ട് ഇതിഹാസങ്ങൾ ചെഗുവേര,ഡീഗോ മറഡോണ….. രണ്ടുപേരേയും ഒരു പോലെ നെഞ്ചിലേറ്റിയവരാണ് മലയാളികൾ.ആദ്യത്തെയാൾ ചരിത്രതാളുകളിൽ നിന്നുമാണ് മനസ്സിലേക്ക് ചേക്കേറിയത്… എന്നാൽ മറഡോണ തന്റെ കാലിൽ വിരിയുന്ന വിസ്മയങ്ങൾ നേരിട്ട് കാട്ടിയും കേരളമണ്ണിൽ നേരിട്ട് വന്ന്കണ്ടുമാണ് ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്… എന്നാൽ 2020_നവംബർ 25 മുതൽ അദ്ദേഹവും ചരിത്രതാളുകളിലേക്ക് കടന്നിരിക്കുകയാണ്…കാൽപന്തുകളിയിൽ പകരം വെയ്ക്കാനാവാത്ത നല്ല നിമിഷങ്ങൾ ലോകഫുട്ബോൾ പ്രേമികളുടെയിടയിൽ സമ്മാനിച്ച ഇതിഹാസതാരം തന്റെ 60 വർഷത്തെ ജീവിതം കൊണ്ട് ഭൂമിയിൽ ജീവന് അവശേഷിക്കും വരെ ജനഹൃദയങ്ങളിൽ ജീവിക്കാനുള്ള ഇടം കണ്ടെത്തി ഓർമ്മയായിരിക്കുകയാണ്.
ഫുട്ബോൾ കമ്പം മലയാളികളിൽ വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നുവെങ്കിലും അർജന്റീന എന്ന ടീമിനെ തന്നെ നെഞ്ചിലേറ്റാൻ കാരണക്കാരനായത് 1986ലെ ഫിഫ വേൾഡ് കപ്പിലെ അവിസ്മരണീയമായ ചലനങ്ങൾകൊണ്ട് തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച മറഡോണയുടെ കാലിൽ തീർന്ന വിസ്മയങ്ങളാണ്… ഇതോടെ വെറും അഞ്ചടി അഞ്ചിഞ്ച് മാത്രമുള്ള മറഡോണ ഫുട്ബോളിന്റെ ജീവനായിമാറി.. ഫുട്ബോൾ എന്നും കേട്ടാൽ ആദ്യം നാവിൽ വരുന്ന നാമവും ഡീഗോ മറഡോണ…. താൻനേടിയ ഗോളുകളുടെ എണ്ണവോ അല്ലെങ്കിൽ ജയപരാജയങ്ങളോ കളികളുടെ എണ്ണങ്ങളോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രത്യേകത, മറിച്ച് കളിക്കളത്തിൽ ഇറങ്ങി എതിരാളികോട് കുറുക്കനെപ്പോലെ കുബുദ്ധി പ്രയോഗിച്ചുള്ള പ്രകടനങ്ങളാണ് ജനമനസ്സുകളിൽ ഇടം നേടാനുള്ള ഒരേയൊരു കാരണം… തന്നെ ഏറെ പ്രശസ്തനാക്കിയ കളിയിലും റഫറിയുടെ കണ്ണുവെട്ടിച്ച് കൈകൊണ്ട് പന്ത് തട്ടിയാണ് ചരിത്രഗോളിന് കിക്കിട്ടത്, ദൈവത്തിന്റെ കൈകൾ എന്നാണ് പിൽക്കാലത്ത് അത് അറിയപ്പെട്ടതും…എതിരാളികളെ മീറ്ററുകളോളം ഓടി തളർത്തി വിജയം പ്രാപ്തമാക്കുന്നതും അദ്ദേഹത്തിന് ജനപ്രീതി നൽകി.
2012 കേരളത്തിലേയും മിഡിൽ ഈസ്റ്റിലേയും പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂരിന്റെ കണ്ണൂരിലെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് ആ മാന്ത്രിക പാദങ്ങൾ കേരളമണ്ണിൽ മുദ്ര പതിപ്പിച്ചത്, എന്നാൽ ഫുട്ബോൾ ആരാധകരുടെ മനസ്സിലേക്കായിരുന്നുവെന്ന് തോന്നി പോവുകയാണ്… തന്റെ പ്രിയപ്പെട്ട കളിക്കാരന്റെ ആഗമനത്തിൽ രണ്ടുദിനം ആഘോഷതിമിർപ്പിലാണ്ട മലയാളജനത അദ്ദേഹത്തിന്റെ അവസാനയാത്രയിലും രണ്ടുദിനങ്ങൾ ദുഖാചരണത്തിനായ് മാറ്റിയിരിക്കുകയാണ്….
ഫുട്ബോൾ കളിക്കളത്തിൽ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ് വിവിധതരം നമ്പറുകളിലുള്ള ജേഴ്സികൾ.. ഒരുകാലത്ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ പത്താം നമ്പർ ജേഴ്സി, അത് മറ്റാരുടേതുമല്ല അതും മറഡോണയ്ക്ക് സ്വന്തമായിരുന്നു…10 എന്ന നമ്പർ ജേഴ്സിയെ അനശ്വരമാക്കിയ മറഡോണയുടെ ജീവീതത്തിലെ 10ഏടുകൾ ഒന്നുമറിച്ചു നോക്കിയാലോ?
1_1960ൽ നവംബർ 30ന് അർജന്റീനയുടെ ബ്രൂണസ് അയേഴ്സിന്റെ തെക്കൻ പ്രവിശ്യയിലെ ലാനസിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ജനനം…
2_പന്തുകളിയോടുള്ള ചെറുപ്പം തൊട്ടുള്ള പ്രണയം അർജന്റീനോസ് ജൂനിയേഴ്സ് എന്ന പ്രശസ്ത ക്ലബിൽ അംഗമായി കളിക്കളങ്ങളിൽ വിസ്മയം തീർത്തു… പിന്നീട് ബൊകാ ജൂനിയേഴ്സ്,ബാർസലോണ,നാപോളി,സേവില്ല, ന്യൂവെൽസ് ഓൾഡ് ബോയ്സ് മുതലായ ക്ലബുകൾക്ക് വേണ്ടിയും കളിയിൽ മികവ്കാട്ടി….
3_തന്റെ എതിരാളികൾക്കെതിരെയുള്ള കുശാഗ്ര ബുദ്ധി കാട്ടികൊണ്ടുള്ള ഗോളുകൾ ഫുട്ബോൾ പ്രേമികളിൽ മനസ്സിൽ ഇടം നൽകി.ഫ്രീകിക്കിന്റെ സ്പെഷ്യലിസ്റ്റായ മറഡോണ സ്വർണ്ണക്കുട്ടി (എൽ പിബെ ദെ ഓറോ) എന്ന നാമത്തിൽ അറിയപ്പെട്ടു…
4_അർജന്റീനയ്ക്ക് വേണ്ടി ഇന്റർനാഷണൽ കളികളിലായ് 34ഗോളുകളും 91കേപുകളും സ്വന്തമാക്കിയിട്ടുണ്ട്..4 ഫിഫാ വേൾഡ് കപ്പിലും തന്റെ പ്രകടനം കാഴ്ച വെച്ചു.
5_ 1986ൽ മെക്സിക്കോയിൽ വെച്ച് നടന്ന വേൾഡ് കപ്പ് ടൂർണ്ണമെന്റിൽ തന്റെ ടീമിനെ നയിച്ചുകൊണ്ട് കിരീടം സ്വന്തമാക്കി.. ജർമ്മനിയോട് എതിർത്ത കളിയിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ഷൂ അവാർഡും സ്വന്തമാക്കി….
6_1994മുതൽ ടീം മാനേജ്മെന്റ് മനോഹരമായി കൈകാര്യം ചെയ്തുവെന്ന അദ്ദേഹം 2008 ഓടെ അർജന്റീനയുടെ ടീമിന്റെ കോച്ചായി സേവനമനുഷ്ഠിച്ചു..
.2010ൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് നടന്ന വേൾഡ് കപ്പ് കളിയിലും അമരക്കാരനായിരുന്നു മറഡോണ…
7_ 2011-2012 സീസണിൽ ദുബായിലെ അൽ വാസി ക്ലബിന്റെ കോച്ചായി പ്രവർത്തിച്ചു… പിന്നീട് 2017ൽ ഫുജൈറയുടെ കോച്ചാവുകയും ചെയ്തു…
8_2018ൽ ഡൈനാമോ ബ്രെസ്റ്റിലെ ബേലാറഷ്യൻ ക്ലബിന്റെ ചെയർമാനായി സ്ഥാനമേറ്റു… തന്റെ സ്ഥാനങ്ങളെല്ലാം വളരെയധികം കൃത്യമായി അലങ്കരിച്ച മറഡോണ മെക്സിക്കൻ ക്ലബായ ഡൊരാടസിലും കഴിവ് പ്രകടമാക്കി…
9_2019ഓടെ തന്റെ രാജ്യത്തിലെ അർജന്റീന പ്രിമെറ ഡിവിഷന് ക്ലബായ ജിംനേഷ്യ ദെ ലാ പ്ലാറ്റയുടെ കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു…
10_ജീവിതവഴിയിൽ താളം തെറ്റിച്ച ചിലനേരങ്ങളുടെ ഫലമായി പലരോഗങ്ങൾക്കും അടിമപ്പെടേണ്ടിവന്നു… എല്ലാത്തിന്റേയും പരിണിതഫലമായി തന്റെ 60 കളിൽ തന്റെ സ്വദേശത്തിൽ വെച്ച് തന്നെ ലോകത്തോട് വിടപറയേണ്ടിവന്നു.
ഇനിയും ഒരുപാട് നല്ല പാഠങ്ങൾ പുതുതലമുറയ്ക്ക് പഠിപ്പിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കി ലോകഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി ഡീഗോ അർമാൻഡോ മറഡോണ നിത്യ വിശ്രമത്തിലേക്ക് കടന്നിരിക്കുകയാണ്