മലപ്പുറം: ലോകോത്തര കായിക ഗ്രാമം മലപ്പുറത്ത് ഒരുങ്ങുന്നു കാൽപ്പന്ത് കളിയെയും ക്രിക്കറ്റിനെയും മാത്രമല്ല, മിക്ക കായിക വിനോദങ്ങളെയും നെഞ്ചോട് ചേർത്ത് വെയ്ക്കുന്നവരാണ് കേരളീയർ.
കാൽപ്പന്ത് കളിയുടെ പറുദീസയായ മലപ്പുറം ജില്ലയിലെ മോങ്ങത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ഒരു കളിക്കളം ഒരുങ്ങുകയാണ്.
ജിസിസി രാജ്യങ്ങളിലും ബാംഗ്ളൂരിലും സ്പോർട്സ് വില്ലേജുകൾ ഒരുക്കി പ്രശസ്തിയാർജ്ജിച്ച സ്പോർട്സ് ലാൻഡ് ഡെവലപ്പേഴ്സ് ,ലിറ്റിൽ ഇന്ത്യാ പബ്ലിക് സ്കൂളുമായി കൈകോർത്ത് നടക്കുന്ന ഈ സംരംഭത്തിന് ബി ബി എം സ്‌പോർട് യു എ ഇ ആണ് നേതൃത്വം കൊടുക്കുന്നത്
ഇത് സംബന്ധിച്ച് ദുബായിൽ നടന്ന കൂടിക്കാഴ്ചയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ ശ്രീ. റോബിൻസിങ്, ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ അനസ്, ശ്രീ. പി. കെ.അൻവർ നഹ, സ്പോട്ലാന്റ് ഡെവലപേഴ്സിന്റെയും ബി ബി എം ഗ്രൂപ്പിന്റെയും ഡയറക്ടർ മാരായ ഫസലുറഹ്മാൻ വയലിൽ, ഷമീർ മുല്ലപ്പുറം, ജമാൽ വാഴക്കൽ, മൊയ്‌ൻ മന്നെത്തോടി തുടങ്ങിയവർ പങ്കെടുത്തു.
കായിക സാമർത്ഥ്യം ,അനുകൂലസാഹചര്യങ്ങളുടെ അഭാവത്തിൽ പുറത്തെടുക്കാൻ കഴിയാതിരുന്നവർക്ക് അവസരങ്ങൾ ലഭ്യമാക്കാൻ മോങ്ങത്തെ സ്പോർട്സ് ലാൻഡ് സ്പോർട്സ് വില്ലേജിന് കഴിയും .
അനേകം കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാഫല്യത്തിലാകുന്നത്.
ഇന്ത്യയിലെ എതൊരു മെട്രോ നഗരത്തിലും ലഭ്യമായ കായിക പരിശലന സൗകര്യങ്ങളോടെയും, അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെയും ലെവൻസ് ഫുട്‌ബോൾ കോർട്ട്, ക്രിക്കറ്റ് നെറ്റ്, റണ്ണിംഗ് ആന്റ് സ്കേറ്റിംഗ് ട്രാക്ക്, ജെന്റ്സ് ആന്റ് ലേഡീസ് ജിം, സ്വിമ്മിംഗ് പൂൾ, കിഡ്സ് പ്ളേ ഏരിയ എന്നിവയാണ് ലഭ്യമാകുന്നത്.
ഇവിടെയെത്തുന്ന കായിക പ്രേമികൾക്കായി ലോകോത്തര നിലവാരത്തിൽ ഔട്ട്‌ഡോർ കോർട്ട്സ്, ക്യാന്റീൻ, വാഷ് റൂംസ്, സ്പോർട്സ് ഹാൾ, പാർക്കിംഗ് ഏരിയ എന്നിവയും നിർമിക്കും
കൊമേഴ്സ്യൽ ഷോപ്പിംഗ് കോംപ്ലക്സും പദ്ധതിയിലുണ്ട്. രാജ്യത്തിന് അഭിമാനം പകരുന്ന മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ മികവു് തെളിയിച്ച പരിശീലകരെയും നിയോഗിക്കും.