“ടെൻഷൻ ടെൻഷൻ” ഇന്ന് ഏറ്റവും കൂടുതൽ പ്രയോഗിക്കുന്ന ഒരു പദം…. പ്രായമായവർ മുതൽ യുവതലമുറവരെ എന്തെന്നില്ലാത്ത ടെൻഷനിലാണ്…എന്തിന് കുട്ടികൾ വരെ അത് എന്താണെന്ന് പോലും അറിയാത്ത പ്രായമാണെങ്കിലും അവർക്കും ടെൻഷനാണ്….
പിരിമുറുക്കം, മാനസികസമ്മർദ്ദം എന്നൊക്കെ പറയപ്പെടുന്ന ടെൻഷൻ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി തകർത്ത് നമ്മെ പലതരത്തിലുള്ള രോഗിയാക്കി വാർദ്ധക്യത്തിലേക്ക് കയറ്റിവിടുന്നു…
ആരോഗ്യം എന്നത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമിച്ചുള്ള സൗഖ്യമാണല്ലോ.. അത് കൊണ്ട് തന്നെ രണ്ടും ഒരു പോലെ കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്… നമ്മൾ സാധാരണയായി മാനസികാരോഗ്യം ശ്രദ്ധിക്കാതെ ശാരീരികാരോഗ്യത്തെ പരിഗണിക്കുമെങ്കിലും അതിൽ വിഫലമാകാറാണ് പതിവ്.. അതിനുള്ള കാരണവും രണ്ടും തമ്മിലുള്ള ബന്ധം തന്നെയാണ്…
പിരിമുറുക്കം,വിഷാദം,മനപ്രയാസം, ദേഷ്യം,ഒറ്റപ്പെടൽ, ഇങ്ങെനെ മാനസികാരോഗ്യത്തെ തകർക്കുന്ന ലക്ഷണങ്ങൾ പലതാണ്… തുടക്കത്തിൽ രോഗലക്ഷണങ്ങളായും പിന്നീട് മാറാരോഗങ്ങളായും മാറുന്ന ഇത്തരം ലക്ഷണങ്ങളിൽ നിന്നും ഒരു ചെറുത്ത് നിൽപ്പ് ആവശ്യമാണ്… അതിന് ചില പൊടിക്കൈകൾ നോക്കിയാലോ….
“ആദ്യം സ്വയം വിലയിരുത്തുക…കഴിവില്ലായ്മകളിലേക്ക് നോക്കിയിരിക്കുന്നത് കഴിവതും മാറ്റി നിർത്താം.. ഓരോരുത്തരും എന്തെങ്കിലും ഒരുകാര്യത്തിലെങ്കിലും കഴിവുള്ളവരായിരിക്കും.. നമ്മുടെ ഉള്ളിലെ ആ കഴിവിനെ ഒന്ന് പൊടിതട്ടി മിനുക്കിയെടുത്താൽ മാത്രം മതിയാകും.. അത് നമ്മിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കും..
“നല്ല സൗഹൃദങ്ങൾ നല്ലൊരു മാനസികാരോഗ്യത്തിന് വഴിതെളിയിക്കും എന്നാണ് പറയാറ്… ഒരു കണക്കിന് അത് വളരെ ശരിയായ ഒന്നാണ്.. നമ്മുടെ ടെൻഷനുകൾ നീണ്ടുപോയികൊണ്ടിരിക്കുകയാണെങ്കിൽ നമ്മുടെ ഏറ്റവും അടുത്തവരുമായ് പങ്കുവെക്കാൻ സാധിച്ചാൽ അത് വഴി കിട്ടുന്ന ആശ്വാസം ചില്ലറയല്ല… നമ്മെ മാനസികമായി ഏറ്റവും തളർത്തുന്ന ഒറ്റയ്ക്കാണെന്ന ചിന്തയാണ് ഇത്തരം സൗഹൃദങ്ങൾ വഴി ഇല്ലാതാവുന്നത്…സൗഹൃദങ്ങൾ സ്വീകരിക്കുന്നത് പോലെ അത് നൽകുന്നതിന് മുൻഗണന നൽകാം.. ഗിവ് ആന്റ് ട്ടെയ്ക് പോളിസിയാണ് എന്നും നല്ലതായ് കണക്കാക്കുന്നത്..
*താൽക്കാലിക ആശ്വാസം തരുന്നവരായ പുകവലി, മദ്യം, മുറുക്ക് ഇവയൊക്കെ പാടെ ഒഴിവാക്കി പോഷകസമൃദ്ധമായ ആഹാരം, ആവശ്യത്തിന് ഉറക്കം, ചിട്ടയായ വ്യായാമം എന്നിവയ്ക്ക് പ്രത്യേകശ്രദ്ധ ചെലുത്താം… ഇതൊക്കെ നല്ല മനോഭാവങ്ങൾ ഉണ്ടാക്കിയെടുക്കാൻ സഹായിക്കും…
*ദിവസം അൽപ്പനേരം നിങ്ങൾക്കായ് മാറ്റി നിർത്താം.. അൽപം വായിക്കാം.. വായന നല്ലൊരു മാനസികാരോഗ്യം കൈവരിക്കാൻ സഹിയിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.. അറിവുകൾ അറിയും തോറും തലച്ചോറിന്റെ പ്രവർത്തനങ്ങളും സുഗമമാകുന്നു.. അതിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ സാധിക്കും… കുട്ടികളിൽ ഇത്തരം നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.. അൽപനേരം കുട്ടികളോടൊപ്പം അവരിലൊരാളായ് ചിലവിടുക.. നമ്മുടെ ഉള്ളിൽ ഒതുക്കി നിർത്തി വെച്ചിരിക്കുന്ന പലതും പ്രകടമാക്കാനുള്ള ഒരു അവസരമായിരിക്കും അത്, തീർച്ച…
*എല്ലാത്തിനേയും നല്ല ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുക.. ആധുനികമായ് പറഞ്ഞാൽ എന്തും പോസിറ്റീവായി കാണുക എന്ന്…
ഒരു വിധത്തിൽ ടെൻഷൻ അത് ഇഷ്ടമില്ലാത്ത നിങ്ങളുടെ കൂടെ പിറപ്പാണ്.. അതിനെ നിങ്ങളെ നിയന്ത്രിക്കാനുള്ള ലൈസൻസ് നൽകാതെ അതിനെ നിങ്ങളുടെ നിയന്തണത്തിലാക്കാം..