ഷാർജ: ഷാർജ എക്സ്പോസെന്ററിൽ ആരംഭിച്ച മുപ്പത്തിഒൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ 2019 ലെ മാൻ ബുക്കർ ഇന്റർനാഷ്ണൽ പുരസ്ക്കാര ജേതാവായ ജോഖ അൽഹാരിസിയുടെ നോവലിന്റെ മലയാളം പതിപ്പ് ‘നിലാവിന്റെ പെണ്ണുങ്ങൾ’ മലബാർ ഗോൾഡ് മേധാവി ഫൈസൽ അഡ്വ.റാഷിദ് അൽ സുഐദിക്ക് നൽകികൊണ്ട് പ്രകാശനംചെയ്തു. പ്രമുഖ നോവലിസ്റ്റ് ഇബ്രാഹിം ബാദുഷ വാഫിയാണ് ജോഖ അൽഹാരിസിയുടെ നോവൽ അറബിയിൽ നിന്ന് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെപ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽവെച്ചാണ് പ്രകാശനചടങ്ങ് നടന്നത്.
ആഭിചാരവും അടിമക്കച്ചവടവും ആധുനിക ഒമാനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളുമാണ് നിലാവിന്റെ പെണ്ണുങ്ങൾ എന്ന നോവലിൽ നമുക്ക് കാണാൻ സാധിക്കുന്നത്. 1950 കളോടെ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫിയെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതങ്ങളുടെയും കഥയാണ് നോവൽ പറയുന്നത്. അബ്ദുല്ലയെ കല്യാണം കഴിക്കുന്ന മയ്യാ, തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ, കാനഡയിലേക്ക് കുടിയേറിയവളും താൻ സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേര ലിനായി കാത്തിരിക്കുന്നവളുമായ ഖൌല ഇവരുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ഒരേസമയം ശക്തരും ദുർബലരുമായ സ്ത്രീകൾ, എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരി ക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം.
ചടങ്ങിൽ സലിം അയ്യനത്ത് പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ഫിറോസ് അബ്ദുള്ള, ബഷീർ തിക്കോടി, അൻസാർ കൊഴിലാണ്ടി, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ, സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു