ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ലോക പൊലിസ് ഉച്ചകോടി 2025ന്റെ ഒരുക്കങ്ങൾ ദുബൈ പൊലിസ് പൂർത്തിയാക്കി.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പോലീസിംഗിന്റെ ഭാവി രൂപപ്പെടുത്താനും, അന്താരാഷ്ട്ര സുരക്ഷാ സഹകരണം വർധിപ്പിക്കാനുമായി ഉന്നത പൊലിസ് നേതാക്കൾ, ആഗോള സുരക്ഷാ വിദഗ്ധർ, പ്രമുഖ സ്ഥാപനങ്ങൾ എന്നിവർ ഒത്തുചേരും.ആധുനിക നിയമ നിർവഹണ തന്ത്രങ്ങൾ ചർച്ച ചെയ്യാനുള്ള സുപ്രധാന അന്താരാഷ്ട്ര വേദിയാണ് ഉച്ചകോടിയെന്നും, ഈ വർഷത്തെ പ്രമേയമായ‘ബിയോണ്ട് ദി ബാഡ്ജ്: എൻവിഷൻ ദി നെക്സ്റ്റ് എറ ഓഫ് പൊലിസിങ്’ ആഗോള സുരക്ഷയിൽ നൂതനവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ സമീപനങ്ങൾക്ക് തുടക്കമിടാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌സലൻസ് ആൻഡ് ലീഡർഷിപ് ഡെപ്യൂട്ടി ഡയരക്ടർ ബ്രിഗേഡിയർ ഡോ. സാലിഹ് റാഷിദ് അൽ ഹംറാനി പറഞ്ഞു.
പങ്കാളിത്തത്തിൽ 25% വർധന
നിയമ നിർവഹണ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, പ്രദർശകർ എന്നിവരുടെ പങ്കാളിത്തത്തിൽ വർഷം തോറും നടന്നു വരുന്ന ഉച്ചകോടിയിൽ ഈ വർഷം 25% വർധനയുണ്ടായതിനാൽ 2025 പതിപ്പ് മുൻ ഹാജർ റെക്കോർഡുകൾ തകർക്കുന്നതാകും. സൈബർ സുരക്ഷ, പൊലിസിംഗിലെ എ.ഐ, സംഘടിത കുറ്റകൃത്യങ്ങൾ, പ്രതിസന്ധി മാനേജ്മെന്റ് തുടങ്ങിയ നിർണായക വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഉന്നത തല ചർച്ചകളിൽ 300ലധികം പ്രഭാഷകർ പങ്കെടുക്കും.ദുബൈ പൊലിസിലെ ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി ഡെപ്യൂട്ടി ഡയരക്ടറും ഉച്ചകോടിയുടെ സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്റ് കേണൽ ഡോ. റാഷിദ് ഹംദാൻ അൽ ഗഫ്രി മുൻ പതിപ്പിലെ ഏഴ് കോൺഫറൻസ് ട്രാക്കുകൾ ഉൾക്കൊള്ളുന്ന വിപുലീകരിച്ച അജണ്ട പുറത്തിറക്കി. പ്രധാന സെഷനുകളിൽ സ്മാർട്ട് സിറ്റി സുരക്ഷ, പൊലിസിംഗ് നേതൃത്വം, അടുത്ത തലമുറ സാങ്കേതിക വിദ്യകളുടെ പ്രവർത്തനോപയോഗം എന്നിവ ഉൾപ്പെടുന്നു.
മൂന്ന് പുതിയ മേഖലകൾ
ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പൊലിസ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ഗവേഷണങ്ങൾ പ്രദർശിപ്പിക്കുന്ന അക്കാദമിക് സോൺ,പൊതു സുരക്ഷയിൽ നവീകരണത്തിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ട്-അപ് സോൺ,യഥാർത്ഥ നിയമ നിർവഹണ സാഹചര്യങ്ങളെ അനുകരിക്കുന്ന ഡെമോൺസ്ട്രേഷൻ ഹബ് എന്നിവയാണ് മൂന്നു വിഭാഗങ്ങൾ.പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിലൂടെ, സുരക്ഷാ നവീകരണത്തിനും സഹകരണത്തിനുമുള്ള ആഗോള കേന്ദ്രമായി നഗരത്തെ സ്ഥാപിക്കാനുള്ള തങ്ങളുടെ അഭിലാഷം ദുബൈ പൊലിസ് ഉയർത്തിക്കാട്ടി. പോലിസിംഗിലും സമൂഹ സംരക്ഷണത്തിലും മികവ് അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന അവാർഡ് നാമനിർദേശങ്ങളിൽ 200% വർധന സംഘാടകർ റിപ്പോർട്ട് ചെയ്തു.
പൊലിസിംഗിനും നിയമ നിർവഹണത്തിനുമുള്ള അന്താരാഷ്ട്ര പ്രദർശനത്തിൽ നിരീക്ഷണം, ഡാറ്റ അനലിറ്റിക്സ്, ഡ്രോൺ സാങ്കേതിക വിദ്യകൾ, അടിയന്തര പ്രതികരണം എന്നിവയിൽ അത്യാധുനിക സൊലൂഷനുകൾ അവതരിപ്പിക്കുന്ന 250ലധികം പ്രദർശകർ പങ്കെടുക്കും.