അബൂദബി: യു.എ.ഇയും ഇന്ത്യയുമുൾപ്പെടെയുള്ള രാജ്യങ്ങൾ അംഗങ്ങളായ ‘ബ്രിക്സ്’ ഗ്രൂപ്പിന്റെ
രാജ്യത്തെ ആദ്യ പരിപാടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അബൂദബിയിൽ നടന്നു.
പൊതു-സ്വകാര്യ പങ്കാളിത്ത-അടിസ്ഥാന സൗകര്യ വികസന (ടി.എഫ്.പി.പി.പി.ഐ) ലക്ഷ്യാർത്ഥമായിരുന്നു യു.എ.ഇ ധന കാര്യ മന്ത്രാലയ ആഭിമുഖ്യത്തിൽ യോഗം ചേർന്നത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര വിദഗ്ധർ, ആഗോള ധനകാര്യ സ്ഥാപന പ്രതിനിധികൾ, സ്വകാര്യ മേഖലയിലെ ലീഡർമാർ യോഗത്തിൽ ഒത്തുചേർന്നു. അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാനും, പൊതു-സ്വകാര്യ പങ്കാളിത്തം വികസിപ്പിക്കാനുമുള്ള നൂതന സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാനായി ‘വളർച്ചയുടെ പുതു യുഗം: ബ്രിക്സ് രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യ ധനസഹായം പുനർനിർമിക്കൽ’ എന്ന തലക്കെട്ടിൽ ധനകാര്യ മന്ത്രാലയം ഉന്നത തല സെമിനാർ നടത്തി.ഊർജം, സുസ്ഥിരത, ഗതാഗതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി യു.എ.ഇയിലെ മുൻനിര പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളെക്കുറിച്ച് പ്രഭാഷകർ വിശദീകരിച്ചു. ശേഷം, പ്രതിനിധി സംഘം മസ്ദർ സിറ്റി സന്ദർശിച്ചു. സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കാനും, വഴക്കമുള്ളതും നൂതനവുമായ ധനസഹായ മാതൃകകൾ സ്വീകരിക്കാനും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിലും ധനസഹായത്തിലും ഫലപ്രദവും നൂതനവുമായ പരിഹാരങ്ങൾ നടപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടമാക്കി.ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തമായ ഉഭയ കക്ഷി, ബഹുമുഖ ബന്ധങ്ങൾ വളർത്തിയെടുക്കാനുമുള്ള യു.എ.ഇയുടെ കൂട്ടായ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന യോഗം പ്രാധാന്യമുള്ളതായിരുന്നു. ബ്രിക്സ് രാജ്യങ്ങളുടെ അനുഭവങ്ങളും ആഗോള തലത്തിലെ മികച്ച രീതികളും ഉയർത്തിക്കാട്ടുന്ന അടിസ്ഥാന സൗകര്യ പദ്ധതി ധനസഹായ മേഖലയിലെ പ്രധാന വെല്ലുവിളികളെയും അവസരങ്ങളെയും അഭിസംബോധന ചെയ്യുന്ന സംവാദ സെഷനുകളും സെമിനാറിന്റെ ഭാഗമായി നടന്നു.കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സംയോജിത ധനസഹായത്തെക്കുറിച്ചും സെമിനാർ ചർച്ച ചെയ്തു. പദ്ധതി ഘടനയിലും തയാറെടുപ്പിലുമുള്ള മികച്ച രീതികൾ, നിക്ഷേപ വെല്ലുവിളികൾ, അപകട സാധ്യതകൾ ലഘൂകരിക്കാനുള്ള ബദലുകൾ, ഇൻഷുറർമാരുടെ പങ്ക് എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു.
വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക-സാങ്കേതിക മേഖലകളുടെ വെളിച്ചത്തിൽ പി.പി.പികളുടെയും അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്റെയും ഭാവി പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം, ഗവൺമെന്റിന്റെയും വ്യവസായത്തിന്റെയും കാഴ്ചപ്പാടുകളായ നയങ്ങളുടെ നടപ്പാക്കൽ വെല്ലുവിളികളുടെയും ആഴത്തിലുള്ള ചർച്ചകൾ രണ്ടാം ദിവസം നടന്നു.
യു.എ.ഇ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി, ബ്രസീലിയൻ ധനകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അന്റോണിയോ ഫ്രീറ്റാസ്, ബ്രസീലിയൻ ധന കാര്യ അന്താരാഷ്ട്ര കാര്യ സെക്രട്ടറി അംബാസഡർ തത്യാന റോസിറ്റോ, യു.എ.ഇയിലെ ബ്രസീലിയൻ അംബാസഡർ സിഡ്നി ലിയോൺ റൊമേറോ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യു.എ.ഇയും ഇന്ത്യയും കൂടാതെ ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, റഷ്യൻ ഫെഡറേഷൻ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്സിലെ മറ്റു അംഗ രാജ്യങ്ങൾ.