അബൂദബി: അനധികൃതമായി പൊതു ഇടങ്ങളില്‍ പരസ്യങ്ങളോ അറിയിപ്പുകളോ പതിക്കുന്നത് 4000 ദിര്‍ഹംവരെ പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നഗരഭംഗിക്ക് കോട്ടംവരുത്തുന്ന പ്രവൃത്തികള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി. അച്ചടിച്ചതോ എഴുതിയതോ ആയ അറിയിപ്പുകളോ പരസ്യങ്ങളോ അനുമതിയില്ലാതെ പൊതുവിടങ്ങളില്‍ പതിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബൂദബി നഗര, ഗതാഗതവകുപ്പ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.നിര്‍ത്തിയിട്ട വാഹനങ്ങള്‍, തൂണുകള്‍, ഏതെങ്കിലും പൊതു നിര്‍മിതികള്‍ മുതലായവയിലൊക്കെ പരസ്യമോ അറിയിപ്പോ പതിക്കുന്നതിനും അനുമതി വാങ്ങേണ്ടതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ആദ്യതവണത്തെ നിയമലംഘനത്തിന് 1,000 ദിര്‍ഹമാണ് പിഴ. രണ്ടാം വട്ടം നിയമംലംഘിച്ചാല്‍ 2,000 ദിര്‍ഹവും മൂന്നാം തവണ മുതലുള്ള നിയമലംഘനങ്ങള്‍ക്ക് നാലായിരം ദിര്‍ഹം വീതവും പിഴ അടയ്ക്കേണ്ടിവരും. അനുമതിയില്ലാതെ കെട്ടിടങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും മുന്‍വശത്ത് പരിഷ്കാരങ്ങള്‍ നടത്തിയാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. പൊതുസ്ഥലങ്ങളുടെ സാംസ്കാരിക, വാസ്തുശില്പ സവിശേഷതകളെ മോശമായി ബാധിക്കുന്ന കൂട്ടിച്ചേര്‍ക്കലുകളും അധികൃതര്‍ വിലക്കുന്നുണ്ട്.നടപ്പാതകള്‍, കെട്ടിടങ്ങള്‍, കമ്പോളങ്ങള്‍, പൊതുനിരത്തുകള്‍ എന്നിവിടങ്ങളിലെ നിര്‍മിതികളും ഇത്തരത്തില്‍ പരിശോധിക്കും.പൊതുഭംഗിക്കു കോട്ടം വരുത്തുന്ന അനധികൃത വേലികള്‍, വസ്തുക്കള്‍ മൂടിവെക്കല്‍ തുടങ്ങിയവക്കെതിരായ നടപടികളും മാര്‍ച്ച് 16 മുതല്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം നിര്‍മിതികള്‍ക്കായി ഉടമകള്‍ അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം. നിയമലംഘകര്‍ക്ക് 3,000 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക 5,000 ദിര്‍ഹമായും മൂന്നാം തവണ മുതലുള്ള ലംഘനങ്ങള്‍ക്ക് 10,000 ദിര്‍ഹം വീതവും പിഴ ചുമത്തും.പൊതു ഇടങ്ങളുടെ ഭംഗി നശിപ്പിക്കുന്ന നിയമലംഘനങ്ങള്‍ നടത്തിയാല്‍ 5,000 ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെ പിഴ ചുമത്തും. പൊതു ഇടങ്ങളുടെ ഭംഗിക്ക് കോട്ടം വരുത്തുന്ന വിധം വൃത്തിഹീനമായ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പോയാല്‍ 500 ദിര്‍ഹമാണ് പിഴ. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന നിയമലംഘനങ്ങള്‍ നടത്തിയവര്‍, നിയമലംഘനം തിരുത്തിയാല്‍ പിഴത്തുകയില്‍ 25 ശതമാനം വരെ ഇളവ് അനുവദിക്കുമെന്ന് നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. നിയമലംഘകര്‍ ലംഘനം തിരുത്താന്‍ തയാറാവാത്ത പക്ഷം നിയമലംഘകരുടെ ചെലവില്‍ മുനിസിപ്പാലിറ്റി ഇതു തിരുത്തും