ദുബായ്: ഭക്ഷണ പാക്കേജിങ് രംഗത്ത് പ്രമുഖരായ യു.എ.ഇ. കേന്ദ്രമായുള്ള ഹോട്ട്പാക്ക് ഗ്ലോബല്‍ നോര്‍ത്ത് അമേരിക്കയില്‍ പുതിയ നിര്‍മ്മാണ, വിതരണ പ്ലാന്റ് സ്ഥാപിക്കുന്നു. 100 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ ന്യൂ ജെഴ്‌സിയിലെ എഡിസണില്‍ പ്ലാന്റ് തുടങ്ങുന്നത് സംബന്ധിച്ച് ദുബായില്‍ ന്യൂ ജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ഹോട്ട്പാക്ക് പ്രതിനിധികളും ചേര്‍ന്ന് പ്രഖ്യാപനം നടത്തി. ഹോട്ട്പാക്കിന്റെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ നിര്‍മ്മാണ കേന്ദ്രമായ പ്ലാന്റ് കമ്പനിയുടെ അന്താരാഷ്ട്ര കുതിപ്പ് ലക്ഷ്യമിടുന്ന ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായാണ് പ്രാവര്‍ത്തികമാകുന്നത്. 70,000 ചതുരശ്രയടിയില്‍ നൂതനസൗകര്യങ്ങളോടെ സ്ഥാപിക്കുന്ന പ്ലാന്റ് 2025 ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും. പ്ലാസ്റ്റിക്, കടലാസ് കപ്പുകള്‍, കണ്ടെയിനറുകള്‍, ക്ലാംഷെല്ലുകള്‍ എന്നിവ ഉപഭോക്താക്കളുടെ താത്പര്യപ്രകാരം ഉല്‍പ്പാദിപ്പിച്ച് നല്‍കുന്നതിനായിരിക്കും ഊന്നല്‍. ആദ്യഘട്ടമെന്ന നിലയില്‍, അടുത്ത അഞ്ച് വര്‍ഷത്തിനകം മേഖലയില്‍ 200 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഭാവിയില്‍, ഉല്‍പാദനം കൂടുന്നതിന് അനുസരിച്ച് തൊഴിലവസരങ്ങളും കൂടും. ഗള്‍ഫ്-അറബ് മേഖലയിലേക്കുള്ള ന്യൂ ജെഴ്‌സി വാണിജ്യ ദൗത്യസംഘത്തെ നയിച്ചുകൊണ്ട് ദുബായിലെത്തിയ ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഹോട്ട്പാക്കിന്റെ പുതിയ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ‘ന്യൂ ജെഴ്‌സിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, വിദഗ്ധരായ തൊഴില്‍സേന, സുശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ശക്തമായ സാക്ഷ്യപ്പെടുത്തലാണിത്. യു.എസ്സില്‍ ബിസിനസ് വളര്‍ച്ചയും നവീനതയും ലക്ഷ്യമിടുന്ന ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമാണ് ന്യൂ ജെഴ്‌സിയെന്ന് ഇതോടെ വീണ്ടും തെളിയിക്കപ്പെട്ടു’-അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് എന്നതിനാല്‍ തന്നെ, ന്യൂ ജെഴ്‌സിയില്‍ നിര്‍മ്മാണ ഫാക്ടറി തുടങ്ങുകയെന്നത് ഏറെ അഭിമാനകരമാണെന്ന് ഹോട്ട്പാക്ക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യമായ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ‘യു.എസ് വിപണിയിലെ ഉപഭോക്താക്കളെ മികച്ച രീതിയില്‍ സേവിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതും ഏറ്റവും പുതിയ നിര്‍മ്മാണ സന്നാഹങ്ങളോടെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും പ്രാദേശിക സമ്പദ്ഘടനയെ സഹായിക്കുന്നതുമാണ് പുതിയ നിക്ഷേപം. അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ നിക്ഷേപ പരമ്പരയിലെ ഏറ്റവും പുതിയതാണ് ന്യൂ ജെഴ്‌സിയിലെ പ്ലാന്റ്്. 2022-ല്‍ മലേഷ്യയില്‍ തുടങ്ങിയ ബയോഡീഗ്രേഡബിള്‍ പാക്കറ്റുകളുടെ നിര്‍മ്മാണ കേന്ദ്രം, സൗദി അറേബ്യയിലെ ഉല്‍പാദനകേന്ദ്രത്തിന്റെ വികസനം, 2023-ല്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായ ഇന്ത്യയിലെ കടലാസ് ഉല്‍പാദന കേന്ദ്രം എന്നിവ മേഖലാതലങ്ങളിലും ആഗോളതലത്തിലുമുള്ള വിപണികളെ ശക്തിപ്പെടുത്തുന്നതില്‍ കമ്പനിക്കുള്ള പങ്ക് അടിവരയിടുന്നതാണ്’-അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ഏറ്റവും പുതിയ പാക്കേജിങ് സാങ്കേതികതയായിരിക്കും ന്യൂ ജെഴ്‌സിയിലെ ഫാക്ടറിയില്‍ ഉപയോഗപ്പെടുത്തുകയെന്ന് ഹോട്ട്പാക്ക് ഗ്രൂപ്പ് സി.ഒ.ഒ.യും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി.ബി. സൈനുദ്ദീന്‍ പറഞ്ഞു. ‘വിവിധ വ്യവസായിക മേഖലകളില്‍ നിന്നുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പ്ലാസ്റ്റിക് പാക്കേജിങ് സംവിധാനങ്ങളുടെ പ്രധാന ഉല്‍പാദന കേന്ദ്രമായിരിക്കുമിത്. ‘ബ്രാന്‍ഡ് കസ്റ്റമൈസേഷ’ന് ഊന്നല്‍ നല്‍കിക്കൊണ്ട്, കൃത്യതയോടെ മിനഞ്ഞെടുക്കുന്ന ഉല്‍പന്നങ്ങള്‍ ഉയര്‍ന്ന ഗുണനിലവാരവും പ്രവര്‍ത്തനക്ഷമതയും പുലര്‍ത്തുന്നവയും ഒപ്പം തന്നെ ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള ശക്തമായ ‘ബ്രാന്‍ഡിങ് ടൂള്‍’ കൂടിയായിരിക്കും. 2025 പകുതിയോടെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ന്യൂ ജെഴ്‌സിയിലെ പ്രാദേശിക അധികൃതരുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ആഗോളതലത്തിലുള്ള ഞങ്ങളുടെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ പാക്കേജിങ് വിപണിയിലെ ഉപഭോക്താക്കള്‍ക്ക് പ്രാദേശികമായി പിന്തുണ നല്‍കുന്നതിനും ഉതകുന്ന രീതിയിലാണ് പ്ലാന്റ് രൂപകല്‍പന’- സൈനുദ്ദീന്‍ പി.ബി. കൂട്ടിച്ചേര്‍ത്തു. നവീനത, സുസ്ഥിരത, ഉപഭോക്തൃ കേന്ദ്രീകൃതമായ വളര്‍ച്ച എന്നിവയാല്‍ മുന്നേറുന്ന പാക്കേജിങ് രംഗത്തെ വിശ്വസ്ത പങ്കാളി എന്ന പാരമ്പര്യത്തിലൂന്നിയുള്ള വികസന നയവുമായി ഹോട്ട്പാക്ക് മുന്നേറുകയാണെന്ന് ഗ്രൂപ്പ് സി.ടി.ഒ.യും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അന്‍വര്‍ പി.ബി. പറഞ്ഞു. പ്രാദേശികമായ ആവശ്യങ്ങളെയും ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങളെയും സമന്വയിപ്പിക്കാനുള്ള ഹോട്ട്പാക്കിന്റെ വിശാലമായ ഉദ്യമങ്ങളെ പിന്തുണക്കുന്നതുമാണ് പുതിയ പദ്ധതി. ദൂരെ നിന്നുള്ള ചരക്കുകടത്ത്്മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും കമ്പനിക്ക് ഇതുവഴി സാധിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂ ജെഴ്‌സിയില്‍ ഹോട്ട്പാക്കിന്റെ തുടര്‍ച്ചയായ വിജയത്തെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ചൂസ് ന്യൂ ജെഴ്‌സിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ വെസ്ലി മാത്യൂസ് പറഞ്ഞു.
‘സ്‌റ്റേറ്റിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെയും നൂതന ഉല്‍പാദന മേഖലയിലെ മേധാവിയെന്ന പദവിയുടെയും സാക്ഷ്യമാണ് ഈ നിക്ഷേപം. ഹോട്ട്പാക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങളും സുസ്ഥിര സ്വഭാവമുള്ള നവീനതയും മേഖലയിലേക്ക് കൊണ്ടുവരികയാണ്. അതുകൊണ്ടുതന്നെ കമ്പനിയുടെ വളര്‍ച്ചയെ ഞങ്ങള്‍ പിന്തുണക്കും’-അദ്ദേഹം പറഞ്ഞു